റിയാദ്: ഉമ്മയെ ജയിലിൽവെച്ച് കാണാൻ മനസ് അനുവദിച്ചില്ലെന്ന് റിയാദിലെ ജയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീം. തന്നെ കാണുന്നതിനായി നാട്ടിൽ നിന്നും ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച വന്നിരുന്നുവെന്ന് അബ്ദു റഹീം ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ പറഞ്ഞു. അവരെ കാണാൻ അവസരം ജയിൽ അധികൃതർ ഒരിക്കിയെങ്കിലും തന്റെ മനസ് അതിന് അനുവദിച്ചില്ലെന്ന് റഹീം പറഞ്ഞു. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നത്. ഉമ്മയുമായി കൂടിക്കാഴ്ച നടക്കാത്തതിൽ ഒരാൾക്കും പങ്കില്ലന്ന് റഹീം സുഹൃത്തുക്കളോട് പറഞ്ഞു.
18 വർഷമായി താൻ ജയിലിൽ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളിൽ വെച്ച് ജയിൽ യൂണ്ഫോമിൽ കണ്ടിട്ടില്ല. ഫോണിലൂടെ സംസാരിക്കുമെങ്കിലും ഇപ്പോഴത്തെ രൂപം ഉമ്മ കണ്ടിട്ടില്ല. ഉമ്മ കാണാൻ വന്നു എന്നറിഞ്ഞപ്പോൾ തന്റെ രക്ത സമ്മർദ്ദം ഉയർന്നതിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നും അപ്പോൾ തന്നെ മരുന്നു കഴിച്ചുവെന്നും റഹീം പറഞ്ഞു.
ഉമ്മയുടെ മനസിൽ ഇപ്പോഴും 18 വർഷം മുൻപ് സൗദിയയിലേക്ക് പോയ തന്റെ മുഖമാണുള്ളത്. അത് അങ്ങനത്തെ ഉണ്ടാകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. താൻ ജയിലിൽ വെച്ച് ഉമ്മയെ കാണുമ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും താങ്ങാവുന്നതിലും അപ്പുറം വേദനയുണ്ടാക്കും. പ്രായമായ ഉമ്മയക്കും രക്ത സമ്മർദ്ദം ഉൾപ്പെടെ രോഗങ്ങളുള്ള തനിക്കും കൂടിക്കാഴ്ച പ്രശ്നങ്ങളുണ്ടാക്കും.
അതേസമയം ഉമ്മയുടെ നിർബന്ധത്തെ തുടർന്ന് വീഡിയോക്കോളിലൂടെ കണ്ടു. അതുപോലും തനിക്ക് മാനിസക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് റഹീം പറഞ്ഞു. പിന്നാലെ ബി പി കൂടാൻ ഇത് കാരണമാവുകയായിരുന്നുവെന്നും റഹീം സുഹൃത്തുക്കളോട് പറഞ്ഞു.
2006ലാണ് കൊലക്കുറ്റം ചുമത്തപ്പെട്ട് റഹീം ജയിലിലാകുന്നത്. അന്ന് ഇയാൾക്ക് 26 വയസായിരുന്നു പ്രായം. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന് സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. 2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും, ഇതേതുടര്‍ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയുമായിരുന്നു.
സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി കേസിൽ വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയ്യാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.