കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതോണ് വിധി. ഗൂഢാലോടന, കൊലപാതകശ്രമം, പരിക്കേൽപ്പിക്കൽ, നാശനഷ്ടം വരുത്തൽ എന്നിവയ്ക്ക് പുറമെ സ്ഫോടക വസ്തു നിയവും യുഎപിഎ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ നാലാം പ്രതിയെ കോടതി വെറുതെ വിട്ടിത്. അഞ്ചാം പ്രതിയായ അയ്യൂബിനെ മാപ്പുസാക്ഷിയാക്കിയായിരുന്നു കേസ് വിസ്തരിച്ചത്.
സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. 2016 ജൂൺ 15ന് രാവിലെ 10.45 നാണ് സ്ഫോടനം നടന്നത്. കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിയ്ക്ക് മുൻപിൽ കിടന്ന ജീപ്പിൽ നിരോധിത സംഘടനയിലെ പ്രവർത്തകർ സ്ഫോടനം നടത്തിയെന്നായിരുന്നു കേസ്. ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വെച്ചത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
ഗുജറാത്തില്‍ പൊലീസ് ഏറ്റമുട്ടലില്‍ ഇസ്രത്ത് ജഹാന് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ദക്ഷിണേന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികള്‍ സ്ഫോടനം നടത്തിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പിലും ആ വര്‍ഷം സ്ഫോടനമുണ്ടായിരുന്നു. മൈസൂരു കോടതി വളപ്പിലെ സ്ഫോടന കേസിലെ അന്വേഷണമാണ് കൊല്ലം സ്ഫോടന കേസില്‍ സഹായകരമായത്. കേസിൽ എട്ട് വർഷം തടവിൽ കഴിഞ്ഞുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.