അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം സ്വന്തമാക്കി പ്രവാസി മലയാളി. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. 197281 എന്നതായിരുന്നു പ്രിന്‍സിന്റെ ടിക്കറ്റ് നമ്പര്‍. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് പ്രിന്‍സിനെ വിജയിയായി പ്രഖ്യാപിച്ചത്.
ലഭിക്കുന്ന സമ്മാനത്തുക പത്തുപേര്‍ വീതം പങ്കിട്ടെടുക്കും. 100 ദിര്‍ഹം വീതം ഓരോരുത്തരും ഷെയറിട്ടാണ് ടിക്കറ്റ് വാങ്ങിയത്.
സമ്മാനത്തുക ഓരോരുത്തരും രണ്ട് മില്യണ്‍ ദിര്‍ഹം വീതം പങ്കിട്ടെടുക്കുമെന്ന് പ്രിന്‍സ് പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെക്കുമെന്നും പ്രിന്‍സ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പ്രിന്‍സിന് സമ്മാനത്തുക ലഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് മക്കളെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. സമ്മാനത്തുക കയ്പ്പറ്റിയ ശേഷം ആദ്യം തന്റെ മക്കളെ തിരികെ കൊണ്ടുവരുകയും ഇവിടെ പഠിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുമെന്ന് പ്രിൻസ് പറഞ്ഞു.
സമ്മാനത്തുക ലഭിച്ച വിവരം പറയാന്‍ പ്രിതനിധികള്‍ വിളിക്കുന്നതിന് മുന്‍പ് തന്നെ സുഹൃത്തുക്കള്‍ പറഞ്ഞ് വിവരം അറിഞ്ഞിരുന്നുവെന്ന് പ്രിന്‍സ് പറഞ്ഞു. ആദ്യം കരുതിയത് തന്നെ പറ്റിക്കുകയാണെന്നാണ്. എന്നാല്‍ മറ്റൊരു സഹപ്രവര്ത്തകന് കൂടി വിളിച്ചതോടെയാണ് വിശ്വാസമായത്. പിന്നീട് ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചതോടെയാണ് സമ്മാനം തങ്ങള്‍ക്കാണെന്ന് സ്ഥിരീകരിച്ചതെന്നും പ്രിന്‍സ് പറഞ്ഞു. തനിക്ക് സമ്മാനം ലഭിച്ചുവെന്നത് ഇപ്പോഴും വിശ്വാസിക്കാനായിട്ടില്ലെന്നും പ്രിൻസ് പ്രതികരിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രിന്‍സ് ടിക്കറ്റ് എടുക്കാറുണ്ട്. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകളാണ് ഇത്തവണ സംഘം എടുത്തത്. മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്തു. എട്ട് വര്‍ഷമായി പ്രിന്‍സ് യുഎഇയിലുണ്ട്. ഷാര്‍ജയില്‍ ഭാര്യക്കൊപ്പമാണ് താമസം.