മസ്‌ക്കറ്റ്: അടുത്ത വര്‍ഷത്തെ ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഒമാന്‍ എന്‍ഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം. 18 പൂര്‍ത്തിയായ ഒമാനി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നവംബര്‍ 17 വരെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതിനായുള്ള സമയപരിധി. www.hajj.om എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 17ന് ശേഷം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.
അപേക്ഷകര്‍ സിവില്‍ ഐഡി നമ്പര്‍, പേഴ്‌സണല്‍ കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്നിവ ഉപോയഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 67 വയസിന് മുകളിലുള്ളവര്‍ക്കും കാഴ്ച അല്ലെങ്കില്‍ മറ്റു വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് പരിപാലനത്തിനായി ഒരാളെ കൂടെ കൂട്ടാവുന്നതാണ്. അതേസമയം സ്ത്രീകള്‍ മഹ്‌റം ( പുരുഷന്‍) തിരഞ്ഞെടുക്കാം.
അപേക്ഷകര്‍ അവരുടെ സിവില്‍ ഐഡിയും മൊബൈല്‍ നമ്പറും സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം. മൊബൈല്‍ നമ്പറില്‍ എസ്എംഎസ് വഴിയോ ഇ-മെയില്‍ വഴിയോ അപ്‌ഡേറ്റുകള്‍ അയക്കുന്നതാണ്. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഉടനെ തന്നെ അപേക്ഷ സ്വീകരിച്ചോ നിരസിച്ചോയെന്നും അറിയാന്‍ സാധിക്കും. ഒമാനില്‍ നിന്ന് 14,000 തീര്‍ത്ഥാടകര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.