ദുബായ് : യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് നാട്ടില്‍ ചികിത്സയിലുളള മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ട പരിഹാരം വിധിച്ച് ദുബായ് കോടതി. 2022 മാര്‍ച്ച് 26 ന് നടന്ന ഒരപകടമാണ് കേസിനാധാരം. മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മര്‍ മകന്‍ ഷിഫിനാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോയ ഷിഫിനെ കാർ വന്നിടിക്കുകയായിരുന്നു. സ്വദേശിയായിരുന്നു കാറോടിച്ചിരുന്നത്. അപകടം നടന്ന ശേഷം നിർത്താതെ പോയ ഇയാളെ പിന്നീട് സി.സി.ടി.വിയുടെ സഹായത്തോടെ പൊലീസ് പിടികൂടി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷിഫിനെ അലൈനിലെ ആശുപത്രിയിലേക്ക് മാറ്റി. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഷിഫിന്‍റെ പിതാവ് മകന്‍റെ ചികിത്സയ്ക്കായി ജോലി ഉപേക്ഷിച്ച് യുഎഇയിലെത്തി. അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്ന ഷിഫിന് സംഭവിച്ച അപകടം കുടുംബത്തിന് വലിയ ആഘാതമായി.
ഒന്നര വർഷത്തോളം വെന്‍റിലേറ്ററിലായിരുന്നു ഷിഫിന്‍. തലച്ചോറിനേറ്റ പരിക്ക് മൂലം പത്തോളം അവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടിരുന്നു.ഇതോടെ അബൂദബിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വെന്‍റിലേറ്ററിലേക്ക് ഷിഫിനെ മാറ്റുകയായിരുന്നു. നിരന്തര ചികിത്സയുടെ ഫലമായി ശിരസ് ഇളക്കാന്‍ തുടങ്ങിയ ഷിഫിനെ തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മാറ്റി. ഇക്കാലത്ത് അലൈനിലെ കെഎംസിസി പ്രവർത്തകരുള്‍പ്പടെയുളള സുമനസുകളാണ് കുടുംബത്തിന് താങ്ങായത്.
ഷാര്‍ജ ആസ്ഥാനമായ ഫ്രാന്‍ഗള്‍ഫ് അഡ്വകേറ്റ്സ് സീനിയർ കൺസൾട്ടണ്ട് ഈസാ അനീസ്, അഡ്വക്കേറ്റ് യു.സി. അബ്ദുല്ല, അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് കേസ് ഏറ്റെടുത്തത്. ദുബായ് കോടതിയില്‍ നടന്ന കേസിനെ തുടര്‍ന്ന് ഷിഫിന്‍റെ നിലവിലെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥ മനസ്സിലാക്കിയ ഇൻഷുറൻസ് അതോറിറ്റി കോർട് ഷിഫിന് നഷ്ടപരിഹാരമായി 2.8 മില്യൺ വിധിച്ചിരുന്നു എങ്കിലും ഷിഫിന്‍റെ ശാരീരിക മാനസിക അവസ്ഥ പരിഗണിച്ചു കൂടുതൽ തുക ലഭിക്കാനുള്ള കേസുമായി ഷിഫിന്‍റെ അഭിഭാഷകർ മുന്നോട്ടു പോവുകയായിരുന്നു. തുടർന്നുള്ള അപ്പീൽ കോടതി നിയമ നടപടികളിലൂടെ നഷ്ടപരിഹാര തുക 5 മില്യൺ ദിർഹം ആക്കി ഉയർത്തി എടുക്കുകയും പിന്നീട് ഒന്നാം ഘട്ട സുപ്രീം കോർട്ട് വിധി, രണ്ടാം ഘട്ട അപ്പീൽ കോടതി വിധി, രണ്ടാം ഘട്ട സുപ്രീം കോടതി വിധി, എന്നിവയിലൊക്കെയും 5 മില്ല്യൻ എന്ന ജഡ്ജ്‍മെന്‍റ് നില നിർത്തുകയാണ് ഉണ്ടായത് അഞ്ച് മില്യണ്‍ ദിര്‍ഹം നഷ്ട പരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ്അൽവർദയുടെ മേൽനോട്ടത്തിൽ യുഎഇ അഭിഭാഷകരായ ഹസ്സൻ അശൂർ അൽമുല്ല, അഡ്വക്കേറ്റ് ഫരീദ്അൽ ഹസ്സൻ എന്നിവരാണ് ഇൻഷുറൻസ്അതോറിറ്റി മുതൽ വിവിധ കോടതികളിൽ നടന്ന കേസുകൾക്കു വിവിധ ഘട്ടങ്ങളിൽ ഹാജരായത്. വാഹനാപകടത്തില്‍ 5 മില്യൺ ദിർഹം നഷ്ട പരിഹാരം ലഭിക്കുന്ന യു.എ.ഇ യിലെ രണ്ടാമത്തെ കേസാണിത്. രണ്ട് കേസുകളിലും ഫ്രാന്‍ഗള്‍ഫ് അഡ്വകേറ്റ്സിന്‍റെ ഇടപെടല്‍ നിർണായകമായി.