മനാമ: മൾട്ടിനാഷണൽ കമ്പനികൾക്ക് (എംഎൻഇ) ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡിഎംടിടി) ചുമത്താനുള്ള തീരുമാനം ബഹ്‌റൈൻ പ്രഖ്യാപിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പുതിയ നികുതി സംവിധാനം നടപ്പിലാക്കുന്നത്. അടുത്തവർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നികുതിഘടനയനുസരിച്ച് മൾട്ടി നാഷണൽ കമ്പനികൾ കുറഞ്ഞത് ലാഭത്തിന്റെ 15 ശതമാനം നികുതിയായി നൽകണം. ആഗോള സാമ്പത്തിക നീതിയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ തീരുമാനം.
2018 മുതൽ രാജ്യം ഒഇസിഡി, ഇൻക്ലൂസിവ് ഫ്രെയിംവർക്കിൽ ചേരുകയും ദ്വിമുഖ നികുതി പരിഷ്കരണത്തിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവ് 2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അർഹരായവർ ബന്ധപ്പെട്ട നിയമനിർമ്മാണത്തിൽ വ്യക്തമാക്കിയ സമയപരിധിക്ക് മുമ്പ് ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
ഗൾഫ് സഹകരണം ഉൾപ്പെടെ 140 ലധികം രാജ്യങ്ങൾക്കൊപ്പം ദ്വിമുഖ നികുതി പരിഷ്കരണ പദ്ധതിയെ പിന്തുണച്ച് സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ഓർഗനൈസേഷൻ്റെ സമഗ്ര ചട്ടക്കൂടിലേക്ക് 2018ൽ ബഹ്‌റൈൻ പ്രവേശനത്തിന് അനുസൃതമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
കൗൺസിൽ രാജ്യങ്ങൾ ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഏർപ്പെടുത്തിയതോടെ ബഹ്‌റൈൻ രാജ്യം അന്താരാഷ്ട്ര നികുതി മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയും ഈ മേഖലയിലെ കമ്പനികൾക്ക് ന്യായവും തുല്യവുമായ അവസരങ്ങൾ ഉറപ്പാക്കുന്നതിൽ പങ്കാളിത്തം ഉറപ്പിക്കുന്നതായി അധികൃതർ വിശദീകരിച്ചു. ബഹ്‌റൈനിൽ നേടിയ ലാഭത്തിൻ്റെ 15ശതമാനത്തിൽ കുറയാത്ത നിരക്ക്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്ക്, കോൾ സെൻ്ററുമായി 80008001 എന്ന നമ്പറിലോ mne@nbr.gov.bh എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഏജൻസിയുടെ വെബ്‌സൈറ്റ് (www.nbr.gov.bh) സന്ദർശിക്കാം.