കൊച്ചി: നടനും എംഎൽയുമായ എം മുകേഷിനതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച നടി രഹസ്യമൊഴി നൽകി. തെളിവ് സഹിതം വിശദീകരിച്ചാണ് നടി മൊഴി നൽകിയത്. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി പറഞ്ഞു. ഇന്ന് മുകേഷിനെതിരെ മാത്രമാണ് നടി മൊഴി നൽകിയത്.
വരും ദിവസങ്ങളിൽ ആരോപണം ഉന്നയിച്ച മറ്റുള്ളവർക്കെതിരായ മൊഴി നൽകുമെന്ന് നടി പറഞ്ഞു.
അറസ്റ്റ് തടഞ്ഞുള്ള കോടതി നടപടി തിരിച്ചടി അല്ലെന്നും കുറ്റക്കാർ അല്ലെന്നല്ല കോടതി പറഞ്ഞതെന്നും നടി വ്യക്തമാക്കി. കുറ്റം ചെയ്തത് ഏത് പ്രമുഖനായാലും ധൈര്യമായി മുന്നോട്ടേക്ക് വരണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് തനിക്ക് ധൈര്യം നൽകിയതെന്നും നടി കൂട്ടിച്ചേർത്തു.
ആരോപണത്തിന് പിന്നാലെ മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കണെമന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. സിപിഐഎം പാർട്ടിക്കകത്തും മുകേഷ് രാജിവെക്കണെമന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുണ്ട്. പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിൽ മുകേഷ് ഇന്ന് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ട് മടങ്ങി. അതീവരഹസ്യമായിട്ടാണ് പുത്തൻ കുരിശിൽ കൂടിക്കാഴ്ച നടന്നത്. അഭിഭാഷകന്റെ വീട്ടിൽവെച്ച് അതീവ രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയായിരുന്നു. വക്കാലത്ത് ഒപ്പിട്ട ശേഷം മുകേഷ് മടങ്ങിപ്പോയി.
അഡ്വ. ജിയോ പോളിയാണ് മുകേഷിന് വേണ്ടി കോടതിയിൽ ഹാജരാകുക. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന അഭിഭാഷകൻ പറഞ്ഞു.