ഷാർജ: ഷാർജ എമിറേറ്റിലെ കൽബ മലനിരയിൽ വിനോദസഞ്ചാരികൾക്ക് പുതുപുത്തൻ കേന്ദ്രമൊരുങ്ങുന്നു. ‘ചന്ദ്രക്കല’ രൂപത്തിൽ നിർമിക്കുന്ന കേന്ദ്രത്തിൽനിന്ന് ചുറ്റുവട്ടത്തിലെ പർവതങ്ങൾ, താഴ്വാരങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയുടെ മനോഹര ഇനിമുതൽ കാഴ്ചകാർക്ക് ആസ്വദിക്കാനാവും. നിർമാണം ആരംഭിച്ച പദ്ധതിപ്രദേശം സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യാഴാഴ്ച സന്ദർശിച്ചു. രണ്ട് നിലകളിലായുള്ള സംവിധാനത്തിൽ റസ്റ്റാറന്റ്, ഓപൺ കഫെ, വായനമുറി, കാഴ്ച പ്ലാറ്റ്ഫോം, വിവിധ പരിപാടികൾക്ക് ഉപയോഗിക്കാവുന്ന ഹാൾ, പ്രാർഥന ഹാൾ എന്നിവ സജ്ജീകരിക്കും. കല്ലും പാറകളും നിറഞ്ഞ പദ്ധതിപ്രദേശത്ത് 4,500ലേറെ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. സമുദ്ര നിരപ്പിൽനിന്ന് 850 മീറ്റർ ഉയരത്തിൽ ജബൽ ദീമിലാണ് പദ്ധതിപ്രദേശം സ്ഥിതി ചെയ്യുന്നത്.
ഒലീവ്, ആപ്പിൾ, മാതളനാരങ്ങ, മുന്തിരി എന്നിങ്ങനെ വിവിധ ഇനത്തിൽപെട്ട ചെടികളാണ് വളർത്തുന്നത്. പദ്ധതിപ്രദേശത്ത് ഒരു ഫുട്ബാൾ സ്റ്റേഡിയവും 100 മുറികളുള്ള ഹോട്ടലും നിർമിക്കും. എമിറേറ്റിലെ മലനിരയിൽ രണ്ട് ഫുട്ബാൾ സ്റ്റേഡിയങ്ങൾ പണിയുമെന്ന് നേരത്തെ ശൈഖ് സുൽത്താൻ പ്രഖ്യാപിച്ചതിന്റെ ഭാഗമാണിത്. ഈർപ്പം കുറഞ്ഞ അന്തരീക്ഷത്തിൽ സുഖകരമായ കളിക്കാൻ സൗകര്യമൊരുക്കുകയാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. കൽബ ക്ലബിന് സമുദ്രനിരപ്പിൽനിന്ന് 850 മീറ്റർ ഉയരത്തിലും ഖോർഫക്കാൻ 900 മീറ്റർ ഉയരത്തിലുമാണ് സ്റ്റേഡിയങ്ങൾ ഒരുക്കുന്നത്. ഇതിൽ കൽബ ക്ലബിന് വേണ്ടിയുള്ള സ്റ്റേഡിയമാണ് ഈ പദ്ധതിപ്രദേശത്ത് ഒരുക്കുക. 10 ഡിഗ്രി തണുപ്പായിരിക്കും ഫുട്ബാൾ സ്റ്റേഡിയത്തിലുണ്ടാവുകയെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാർജയിൽ നേരത്തെ മലമുകളിൽ വലിയ പദ്ധതി പൂർത്തിയാക്കിയിരുന്നു. ഖോർഫക്കാനിലെ 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അൽ സുഹൂബ് റസ്റ് ഏരിയയാണിത്. 2021ലാണ് ശൈഖ് സുൽത്താൻ ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.