Breaking News Featured News Kerala/India

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന രണ്ട് ട്രെയിനുകൾ; നിർമാണം ചെന്നൈയിൽ

Written by themediatoc

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്) നിർദേശം നൽകി റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024 – 25ലെ പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റീൽ ബോഡിയിൽ നിർമിക്കുന്ന ഈ ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. ട്രാക്കിൽ ഓടുമ്പോൾ പരമാവധി 220 കിലോമീറ്റർ വേഗതയാവും ലഭിക്കുക. ഇത് സ്റ്റാൻഡേർഡ് ഗേജിലാകും നിർമിക്കുക. വന്ദേഭാരത് പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഈ ട്രെയിനുകൾക്ക് നിലവിലുള്ള മറ്റ് ട്രെയിനുകളേക്കാൾ വേഗത കൂടുതലായിരിക്കും.എട്ട് കോച്ചുകളുള്ള ട്രെയിനുകളായിരിക്കും ഇവയെന്ന് റെയിൽവേ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി, രാജസ്ഥാനിൽ സ്റ്റാൻഡേർഡ് ഗേജ് ട്രെയിനുകൾക്കായി ഒരു ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വന്ദേഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾക്ക് ഇതിലൂടെ സഞ്ചരിക്കാനാകുമോ എന്ന പരീക്ഷണത്തിനായാണിത്. ഇവ ബ്രോഡ് ഗേജിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്ക് മാറ്റേണ്ടതുണ്ട്. ആഗോളതലത്തിൽ ഏറ്റവും സ്വാകാര്യമായ ഗേജ് ആണിത്. ഇന്ത്യയിൽ ഇത്രയും വേഗത്തിൽ ഓടാൻ കഴിയുന്ന ട്രെയിനുകളില്ല. ഈ ട്രെയിനുകൾ വെല്ലുവിളിയാകുമെന്നാണ് വിഗദ്ധർ പറയുന്നത്. മണിക്കൂറിൽ 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനുകളുടെ ഉയർന്ന വേഗത.2025 മാർച്ചോടെ ട്രെയിനുകളുടെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിന് നേതൃത്വം നൽകിയ ഐസിഎഫിന്റെ മുൻ ജനറൽ മാനേജർ സുധാൻഷു മണി പറഞ്ഞു. ഈ ട്രെയിൻ നിർമാണം വിജയിച്ചാൽ അത് പ്രധാനപ്പെട്ടൊരു നാഴികക്കല്ലായിരിക്കും. ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ ട്രെയിനുകൾ നിർമ്മിക്കുന്നതെന്നും സുധാൻഷു മണി പറഞ്ഞു.

About the author

themediatoc

Leave a Comment