News Kerala/India The Media Toc

മാർപാപ്പയെ നേരിൽ കണ്ട് നിവേദനം നൽകി.

Written by themediatoc

കുർബാന പ്രശ്നത്തിന് പരിഹാരം തേടി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ നാലംഗ സംഘം മാർപാപ്പയെ നേരിൽ കണ്ട് ചർച്ച നടത്തി. വത്തിക്കാനിലെ മുൻ അമ്പാസഡറായിരുന്ന കെ. പി. ഫാബിയാൻ, മുൻ വനിതാ കമ്മീഷൻ അംഗം ശ്രീമതി പ്രൊഫ.മോനമ്മ കൊക്കാട്ട്, മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീമതി ലിഡാ ജേക്കബ് ഐ.എ.എസ് എന്നിവർക്കാണ് മാർപാപ്പയുമായി വ്യക്തിപരമായ കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്.

മെയ് 6 ന് ഇന്ത്യൻ സമയം രാവിലെ 11.30 ന് നടന്ന കൂടിക്കാഴ്ചയിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലപാടുകളും പ്രശ്ന പരിഹാരത്തിനുള്ള ഫോർമുലകളും ചർച്ചയായി. സിനഡൽ തീരുമാനങ്ങളിൽ സംഭവിച്ച പാളിച്ചകൾ വിശദീകരിക്കുന്ന നിവേദനം സമർപ്പിച്ച പ്രതിനിധി സംഘം, എറണാകുളം അതിരൂപതയിൽ വിശ്വാസികൾ ജനഭിമുഖ കുർബാനക്ക് വേണ്ടി നടത്തിയ വിവിധ അൽമായ സംഗമങ്ങളുടെ ഫോട്ടോഗ്രാഫുകൾ അടക്കം മാർപാപ്പക്കു നൽകി. കുർബാന പ്രശ്നം വെറും അനുസരണത്തിന്റെ പ്രശ്നമല്ലെന്നും വിശ്വാസപരമായ പ്രശ്നമാണെന്നും വൈദികരെക്കാൾ ഉപരിയായി വിശ്വാസികൾ ജനാഭിമുഖ കുർബാനയുടെ വിശ്വാസരീതിയിൽ വളർന്നവരാണെന്നും മാർപാപ്പയെ ധരിപ്പിക്കാനായെന്ന് നിവേദക സംഘം അറിയിച്ചു.

മേജർ ആർച്ച് ബിഷപ്പും പെർമനന്റ് സിനഡ് അംഗങ്ങളും വത്തിക്കാനിൽ എത്തുന്നതിന് മുമ്പ് തന്നെ എറണാകുളത്തു നിന്നുള്ള അൽമായ സംഘത്തെക്കണ്ട് മാർപാപ്പ ചർച്ച നടത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയും, വക്താവ് റിജു കാഞ്ഞൂക്കാരനും അറിയിച്ചു. അൽമായ സംഘത്തെ കാണുന്നതിനായി പ്രത്യേക ട്രാൻസലേറ്ററെ നിയോഗിച്ചിരുന്നുവെന്നത് കൂടിക്കാഴ്ചയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. സഭയുടെ ഐക്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പരിഹാര ഫോർമുല ഉരുത്തിരിയുമെന്നുള്ള പ്രത്യാശയിലാണ് അൽമായ സംഘം മടങ്ങിയത്.

About the author

themediatoc

Leave a Comment