ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി. റോസ് അവന്യൂ കോടതി സ്പെഷ്യൽ ജഡ്ജി കാവേരി ബാജ്വയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന്റെ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു. എന്നാൽ കെജ്രിവാൾ സുപ്രീംകോടതിയിൽ നൽകിയ ജാമ്യഹരജിയിലും ഇന്ന് വിധി പ്രസ്താവിക്കില്ല. ഹർജി അടുത്തയാഴ്ച പരിഗണിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വാദം നീണ്ടാൽ കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയേക്കുമെന്ന് നേരത്തെ സുപ്രീംകോടതി സൂചന നൽകിയിരുന്നു. ഡൽഹിയിൽ മേയ് 25നാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുവാന്നിരിക്കവെയാണ് കേസുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കണമെന്ന് ഇ.ഡിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ജാമ്യത്തിൽ കേജ്രിവാളിനെ വിട്ടയച്ചാലും മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മാർച്ച് 21നാണ് കെജ്രിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി ആവർത്തിച്ച് സമൻസയച്ചിട്ടും കെജ്രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരായില്ലെന്ന് കാണിച്ച് ഏപ്രിൽ ഒമ്പതിന് ഡൽഹി ഹൈകോടതി അറസ്റ്റ് ശരിവെച്ചു. കേജ്രിവാൾ ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും ഇപ്പോൾ ഇലക്ഷൻ സമയമാണെന്നും ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുന്നത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ കോടതി അത്തരത്തിൽ തീരുമാനിക്കുന്നതിനെ ഇ.ഡി എതിർത്തു. മദ്യനയകേസിലെ അന്വേഷണം കേജ്രിവാളിന് എതിരെയായിരുന്നില്ലെന്നും അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ പങ്ക് വെളിപ്പെടുകയായിരുന്നെന്നും ഇ.ഡിയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഡി.സോളിസിറ്റർ ജനറൽ എസ്.വി രാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മേയ് 15 വരെ നീട്ടിയതായും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.