ഷാർജ – ഷാർജയില്‍ മെയ് മൂന്നിന്ന് ആരംഭിച്ച കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനമാകും. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുളള അവസരമൊരുക്കിയ വായനോത്സവം നിരവധി വർക്ക് ഷോപ്പുകളും പരിപാടികളും നാടക-കലാ പ്രദർശങ്ങളും സജ്ജമാക്കിയിരുന്നു. കുഞ്ഞുമനസുകളെ അറിവിന്റെയും, ആകാംഷയുടെയും നാമ്പുകൾ നട്ടെടുക്കുന്ന നിരവധി വർക്ക്‌ഷോപ്പുകളും, സെമിനാറുകളും പത്തു ദിവസത്തെ മേളയിൽ അരങ്ങേറിയിരുന്നു. ഗ്രാന്‍ഡ് പിക്സാണ് കുട്ടികളെ ആകർഷിച്ച പ്രധാനപ്പെട്ട വർക്ക് ഷോപ്പുകളില്‍ ഒന്ന്. കുട്ടികള്‍ക്ക് ഒലി ഒലി മ്യൂസിയത്തില്‍ അവരുടെ കുഞ്ഞ് മരവാഹനങ്ങൾ ഉപയോഗിച്ചുളള റേസാണ് ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്.
ഇന്ന് വൈകീട്ട് 6.30 ന് രുചിഭേദങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഫ്യൂഷന്‍ റെസിപ്പി നടക്കും. ഇന്ത്യന്‍ വിഭവങ്ങള്‍ ഷെഫ് പ്രിയങ്ക 8 മണിക്ക് കുക്കറി കോർണറിൽ നടക്കുന്ന വർക് ഷോപ്പില്‍ പരിചയപ്പെടുത്തും. മിറർ പെയിന്‍റിംഗ് വർക്ക് ഷോപ്പുകള്‍ വൈകീട്ട് 5 മണിക്ക് എക്സിബിഷന്‍ ഹാള്‍ 5 ലാണ് നടക്കുക. കഥപറയുന്ന സ്റ്റോറി ടെല്ലിംഗ് വർക്ക് ഷോപ്പ് വൈകീട്ട് ആറുമണിക്കാണ്. ബൂഗീസ്റ്റോം പ്ലെ ഇന്ന് എക്സപോ സെന്‍ററിൽ വിവിധ സമയങ്ങളിൽ നടക്കും. ദ ആൻഡ്രോയിഡ്സ് പ്ലെ ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് 7 മണിക്കും 6 മണിക്കും നടക്കും. എ ലോണ്‍ അറ്റ് ഹോം പ്ലെ വൈകീട്ട് 7.30 ന് എക്സ്പോയിലെ ബാള്‍ റൂമില്‍ നടക്കും. ആർട് ഓഫ് ടൈപ്പിംഗും വിവിധ സമയങ്ങളില്‍ അരങ്ങേറും.വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഇന്ന് നടക്കും. വാരാന്ത്യ അവധി ദിനമായതിനാല്‍ തന്നെ ശനിയും ഞായറും വായനോത്സവത്തിൽ കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.