ദുബായ് – ദീർഘകാല ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി ആഗസ്റ്റ് അവസാനത്തിൽ തിരിച്ചെത്തുമെന്ന് നാസ. ആറുമാസത്തോളം നിലയത്തിൽ പൂർത്തിയാക്കിയാണ് മൂന്നു സഹപ്രവർത്തകരോടൊപ്പം അൽ നിയാദി ഭൂമിയിലേക്ക് മടങ്ങുക. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവർക്കൊപ്പം അദ്ദേഹം മാർച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്.
മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രയാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കുന്നതടക്കം 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം ഈ കാലയളവിൽ പൂർത്തിയാക്കും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുന്നത്. ചില പരീക്ഷണങ്ങൾ നിലവിൽ തന്നെ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. അതിനുപുറമെ, ബഹിരാകാശ നടത്തവും പൂർത്തിയാക്കിയത് അൽ നിയാദിയുടെ സുപ്രധാന നേട്ടമാണ്. സ്പേസ് എക്സ് ക്രൂ-6 അംഗങ്ങൾ ആഗസ്റ്റ് അവസാനത്തിൽ തിരിച്ചെത്തുമെന്ന് നാസയുടെ ഗ്രൗണ്ട് കൺട്രോൾ വിഭാഗമാണ് വ്യക്തമാക്കിയത്. അതിനിടെ ശനിയാഴ്ച ക്രൂവിന്റെ ഡ്രാഗൺ ക്യാപ്സ്യൂൾ റീലോക്കേഷൻ ദൗത്യം പൂർത്തിയായിട്ടുണ്ട്.