ദുബായ് – യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്സിന്‍റെ ഇരുപതാം വാർഷികാഘോഷം മെയ് 14 ന് അജ്മാനില്‍ നടക്കും. ശശി തരൂർ എം പി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അജ്മാന്‍ (മുന്‍ കെമ്പിന്‍സ്കി) ഹോട്ടലിലാണ് ഐഷറീന്‍ എന്നുപേരിട്ടിരിക്കുന്ന ആഘോഷ പരിപാടി നടക്കുക.
യുഎസ്,യുകെ, കാനഡ, ഇന്ത്യ എന്നിവയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നുളള ആരോഗ്യവിദഗ്ധർ ഐഷറീന്‍ സമ്മേളനത്തിലും അതോടനുബന്ധിച്ച് ദുബായ് കോണ്‍റാഡ് ഹോട്ടലില്‍ മെയ് 12 ന് നടക്കുന്ന അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സിലും പങ്കെടുക്കും. ആസ്റ്റർ ഡി എം ഹെൽത്ത്കെയർ ചെയർമാനും എ കെ എം ജി സ്ഥാപക പ്രസിഡന്‍റുമായ ഡോ. ആസാദ് മൂപ്പൻ പരിപാടിയുടെ മുഖ്യരക്ഷാധികാരിയായിരിക്കുമെന്നും എ കെ എം ജി എമിറേറ്റ്സ് ഭാരവാഹികൾ ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ അറിയിച്ചു.
എകെഎംജി തിയേറ്റേഴ്സിന്‍റെ ആഭിമുഖ്യത്തിലൊരുങ്ങുന്ന ഋതു എന്ന നൃത്ത സംഗീത നാടകമാണ് പരിപാടിയുടെ പ്രധാന ആകർഷണം. നാല് കാലങ്ങളെ (വസന്തം, ഗ്രീഷ്മം,ശരത്,ശിശിരം) ആസ്പദമാക്കിയൊരുങ്ങുന്ന പരിപാടിയില്‍ 100 ഓളം ഡോക്ടർമാർ ഉള്‍പ്പടെ 150 ഓളം പേർ ഭാഗമാകും. സംഘടനയിലെ അംഗങ്ങളായ ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് നൃത്ത സംഗീത നാടകത്തിന്‍റെ രചനയും സംവിധാനവും ഒരുക്കിയിരിക്കുന്നത്.
എ കെ എം ജി വൈദ്യശാസ്ത്ര പുരസ്കാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്യും. അമേരിക്കയിലെ കാൻസർ വിദഗ്ധൻ ഡോ. എം വി പിള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും, അബൂദബിയിലെ ജി 42 സി ഇ ഒ ആശിഷ് ഐപ് കോശി യൂത്ത് ഐക്കൺ പുരസ്കാരവും ഏറ്റുവാങ്ങും. സംഘടനയുടെ പുതിയ പ്രസിഡന്‍റായി ഡോ. നിർമ്മല രഘുനാഥൻ സമ്മേളനത്തിൽ ചുമതലയേൽക്കും. ഭാരവാഹികളായ ജോർജ് തോമസ്, ജോർജ് ജേക്കബ്, സറഫുല്ല ഖാൻ, ജമാലുദ്ദീൻ അബൂബക്കർ, സുഖു മലയിൽ കോശി, ബിജു ഇട്ടിമാണി, ഫിറോസ് ഗഫൂർ, കെ എം മാത്യൂ തുടങ്ങിയവരാണ് വാർത്താസമ്മേളത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചത്.