ഷാർജ – 66 രാജ്യങ്ങളിലെ 457 അതിഥികൾ പങ്കെടുക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ബുധനാഴ്ച ഷാർജ എക്സ്പോ സെന്‍ററിൽ കൊടിയേറും. ‘നിങ്ങളുടെ ബുദ്ധിശക്തിയെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള മുന്നോട്ടു നയിക്കുക. മേയ് 14 വരെ നീളുന്ന മേള സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പുസ്തക മഹോത്സവം കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകമാണ് തുറക്കുന്നത്. 12 ദിവസം നീളുന്ന മേളയിലേക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയുമാണ് പ്രവേശനാനുമതി..
ഈ വർഷത്തെ വായനോത്സവത്തോടനുബന്ധിച്ച് സാഹിത്യ, വിജ്ഞാന, കല, വിനോദ, സാംസ്കാരിക മേഖലകളിലായി വിദ്യാർഥികളുടെയും അവർക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുന്നതോടൊപ്പം നിരവധി പ്രശസ്ത എഴുത്തുകാർ വായനോത്സവത്തെ സമ്പന്നമാക്കാൻ എത്തുന്നുണ്ട്. മേളയിൽ പ്രവേശനം സൗജന്യമാണ് സ്കൂളുകളിൽനിന്ന് ഒരുമിച്ചും അല്ലാതെയും വിദ്യാർഥികൾ വായനോത്സവത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്.