ദുബായ് – പതിനായിരത്തോളം വരുന്ന തൊഴിലാളികൾക്കായി ദുബായ് വർസാൻ ക്യാമ്പ്, അജ്മാൻ ആസ ക്യാമ്പ്, ജബൽ അലിയിലെ രണ്ടു ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിലായി മാർച്ച് 7,8,9 തിയ്യതികളിൽ ഇഫ്താർ ഒരുക്കി. തൃശ്ശൂർ എം പി ശ്രീ ടി എൻ പ്രതാപൻ എല്ലാ ദിവസങ്ങളിലും മുഖ്യ അതിഥി ആയി പങ്കെടുത്ത് തൊഴിലാളികളുമായി സംവദിച്ചു.
പന്ത്രണ്ടിൽ പരം വിവിധ രാജ്യക്കാരായ തൊഴിലാളികളുമായും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുമായി അടുത്ത് ഇടപഴകുവാനും, സംവാദിക്കുവാനും സാധിച്ചത് തന്റെ ജീവിതത്തിലെ ഒരു മറക്കാനാവാത്ത അനുഭവം ആയിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പതിമൂന്ന് വയസ്സ് തുടങ്ങി ഇതു വരെ ഓണം വിഷു ദിവസങ്ങൾ വന്നാൽ അതൊഴിച്ച് റംസാൻ മാസത്തിലെ എല്ലാ നോമ്പും ഒരു മുടക്കവും കൂടാതെ താൻ അനുഷ്ഠിച്ചു വരുന്നു എന്നും, റംസാൻ നോമ്പ് തനിക്ക് നൽകുന്ന ഒരു പ്രത്യേക മാനസിക സംതൃപ്തിയും, അച്ചടക്കവും അദ്ദേഹം തൊഴിലാളികളുമായി പങ്കുവെച്ചു.
പതിനായിരത്തോളം വരുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ജോലി നൽകുന്നതിലൂടെ ലക്ഷകണക്കിന് ആളുകൾക്കാണ് സി പി സാലിഹ് അദ്ദേഹത്തിന്റെ ആസ ഗ്രൂപ്പിലൂടെ താങ്ങും തണലും ആവുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ കുടുംബാംഗങ്ങളോട് കൂടെ തൊഴിലാളികൾക്കൊപ്പം നോമ്പ് തുറക്കാൻ എത്തിയ ആസ ഗ്രൂപ്പ് ചെയർമാനെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
അഡ്വക്കേറ്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി വിവിധ ഭാഷകളിൽ നടത്തിയ റംസാൻ സന്ദേശം വ്യത്യസ്ത ഭാഷക്കാരായ തൊഴിലാളികൾക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു. മത സൗഹാർദ്ദത്തിലും, സഹിഷ്ണുതയിലും ഊന്നിയുള്ള വിശ്വാസപ്രമാണങ്ങൾ ആണ് എല്ലാ മതങ്ങളും ഉൽഘോഷിക്കുന്നത് എന്ന് മതഗ്രന്ഥങ്ങളെ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു മനസ്സിലാക്കി. വർഷങ്ങളായി തുടർന്ന് വന്നിരുന്ന ഇഫ്താർ സംഗമങ്ങൾ കോവിഡ് മഹാമാരിയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു എന്ന് ശ്രീ സി പി സാലിഹ് ഓർമിപ്പിച്ചു. വീണ്ടും തൻ്റെ കുടുംബാംഗങ്ങളോട് കൂടെ തൊഴിലാളികൾക്കൊപ്പം നോമ്പ് തുറക്കാൻ സാധിച്ചതിൽ താൻ സന്തോഷവാൻ ആണെന്ന് സാലിഹ് പറഞ്ഞു. വിഭവ സമൃദ്ധമായ ഇഫ്താർ വിരുന്നിനും, പ്രാർത്ഥനയ്ക്കും ശേഷം ഇഫ്താർ സംഗമത്തിന് വിരാമമായി.