തിരുവനപുരം – ഇന്നലെ ബി ജെ പി പാളയത്തിലെത്തിയ അനിൽ ആന്റണിയെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തലത്തിൽ ആലോചനയെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്തോ ചാലക്കുടിയിലോ ആയിരിക്കും അനിലിനെ സ്ഥാനാർത്ഥിയാക്കുക എന്നും അറിയുന്നുണ്ട്. അനിലിന് പിന്നാലെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കോൺഗ്രസിൽ നിന്ന് പ്രമുഖ യുവനേതാക്കൾ ഉൾപ്പടെ നിരവധി പ്രമുഖരും തങ്ങളോടൊപ്പം വരുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. അനിലിന്റെ വരവ് ഇതിന് വേഗം കൂട്ടും എന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ കോൺഗ്രസിലെ പ്രമുഖ നേതാക്കളിൽ പലരും നേതൃത്വത്തോട് അത്ര രസത്തിലല്ല. ഇനിയും കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് ഇവരിൽ പലരും ചിന്തിക്കുന്നുണ്ട്. കാര്യമായ ജനസ്വാധീനമില്ലെങ്കിലും അനിൽ ആന്റ്ണിക്ക് പാർട്ടിയിൽ കൂടുതൽ പരിഗണന നൽകാനാണ് ബി ജെ പിയുടെ നീക്കം. ഇത് പാർട്ടിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് കൂട്ടുന്നതിനൊപ്പം ക്രൈസ്തവ വിശ്വാസികളെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുന്നതിന് ഇടയാക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.
ഇപ്പോൾ തന്നെ ക്രൈസ്ത വിശ്വാസികൾ ബി ജെ പിയോട് കൂടുതൽ അടുത്തുതുടങ്ങിയിട്ടുണ്ട്. റബ്ബർ വില കൂട്ടിയാൽ ബി.ജെ.പിക്ക് ഒരു എം.പി പോലുമില്ലെന്ന കേരളത്തിലെ വിഷമം പരിഹരിച്ചു തരാമെന്ന തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പരാമർശവും, അതിന് താമരശ്ശേരി ബിഷപ്പിൽ നിന്നടക്കം പരോക്ഷ പിന്തുണ ലഭിച്ചതും ബി.ജെ.പിക്ക് ആവേശം പകരുന്നതായി.പിന്നാലെ, ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിൽ സന്ദർശിച്ചതും ശ്രദ്ധേയ ചുവടു വയ്പായാണ് ബി.ജെ.പി കാണുന്നത്. അനിൽ ആന്റണിക്ക് കേരളത്തിലെ ക്രൈസ്തവ മേഖലയിൽ പറയത്തക്ക രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പറയാനാവില്ലെങ്കിലും, അറിയപ്പെടുന്ന ക്രൈസ്തവ മുഖത്തെ ലഭിക്കുന്നതിന്റെ രാഷ്ട്രീയ മാനം വേറെയാണ്.
നെഹ്റു കുടുംബത്തിന്റെ ഏറ്റവും വിശ്വസ്തനായ ആന്റണി ഒന്നും രണ്ടും യു.പി.എ സർക്കാരുകളിലെ സുപ്രധാന മുഖമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അനിൽ ആന്റണിയുടെ ആഘോഷത്തോടെയുള്ള ബി.ജെ.പി കൂടുമാറ്റം കേരളത്തിൽ ഇടതുമുന്നണി പ്രചരണായുധമാക്കും.അയോഗ്യത കല്പിച്ചതിലൂടെ രാഹുൽഗാന്ധിക്ക് കൈവന്ന ഇര പരിവേഷം ഉപയോഗപ്പെടുത്തി ലോക്സഭാ തിരഞ്ഞെടുപ്പു വരെ പ്രചരണ പരിപാടികളേറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി. ബി.ബി.സി വിഷയത്തിലെ പ്രതികരണത്തിന് പിന്നാലെ തനിക്കെതിരെ പാർട്ടിയിൽ നിന്നുയർന്ന വിമർശനത്തിൽ പ്രതിഷേധിച്ചാണ് അനിൽ കോൺഗ്രസിലെ ചുമതലകൾ ഒഴിഞ്ഞത്. പിന്നീടും അദ്ദേഹം നിരന്തരം രാഹുൽഗാന്ധിക്കെതിരെയടക്കം വിമർശനമുന്നയിച്ചപ്പോഴും ,ബി.ജെ.പിയിലേക്ക് പോകുമെന്ന് ആന്റണിയെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നലെയാണ് ബി.ജെ.പിയുടെ 44മത് സ്ഥാപക ദിനത്തിലായിരുന്നു അനിലിന്റെ രംഗ പ്രവേശം.
മകന്റെ പാർട്ടി പ്രവേശനത്തെ ബി.ജെ.പിക്ക് ആഘോഷമാക്കാൻ തന്റെ ലേബൽ ആയുധമാകുന്നത് ആന്റണിയെ ഏറെ വേദനിപ്പിക്കുന്നുണ്ട്. രാജ്യത്തെ ബി.ജെ.പിയുടെ കൈകളിൽ നിന്ന് രക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന ആന്റണിക്ക് സ്വന്തം വീട്ടിലുള്ളവരെ പോലും അത് ബോദ്ധ്യപ്പെടുത്താനായില്ലേ എന്ന ചോദ്യവും കോൺഗ്രസിനെ തിരിഞ്ഞു കുത്തുന്ന ഘടകങ്ങൾ ആയേക്കും.