ദുബായ് – ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി ഖുർആൻ പാരായണ പ്രതിഭകൾ മാറ്റുരച്ച ദുബായ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ബംഗ്ലാദേശ് സ്വദേശിയായ സാലിഹ് അഹ്മദ് ജേതാവായി. ഇത്യോപ്യക്കാരനായ അബ്ബാസ് ഹാദി ഉമർ രണ്ടായതും സൗദി സ്വദേശിയായ ഖാലിദ് അൽ ബുർകാനി മൂന്നാമതുമെത്തി. ദുബായ് എക്സ്പോ സിറ്റിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അവാർഡുകൾ വിതരണം ചെയ്തു.
ഈ വർഷത്തെ ‘ഇസ്ലാമിക് പേഴ്സനാലിറ്റി ഓഫ് ദുബൈ ഇന്റർനാഷനൽ ഖുർആൻ അവാർഡ്’ നേടിയ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാല മുൻ പ്രസിഡന്റ് ഡോ. അഹ്മദ് ഉമർ ഹാഷിനുള്ള ആദരവ് അദ്ദേഹത്തിനുവേണ്ടി മകൻ ഏറ്റുവാങ്ങി. ഖുർആൻ മത്സരത്തിൽ അവസാന പത്തിലെത്തിയ മുഴുവൻ പേർക്കും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു.