ദുബായ് – അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന് മാനദണ്ഡമാക്കുന്ന ഇന്റർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റത്തിന്റെ (ഐ.ഇ.എൽ.ടി.എസ്) ആഗോളദാതാക്കളായ ഐ.ഡി.പി എജുക്കേഷനുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സഹകരണ കരാറിൽ ഒപ്പുവെച്ചു. ഇരു കക്ഷികളും സംയുക്ത സഹകരണം വിപുലീകരിക്കുക, അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവെക്കുക, സ്കൂൾ-യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് ടെസ്റ്റുകൾ ഒരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് കരാർ. അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരിശോധനാ മേഖലയിൽ ഇരുകക്ഷികളും സഹകരിക്കുകയും ജി.ഡി.ആർ.എഫ്.എയിൽ ഐ.ഇ.എൽ.ടി.എസ് ടെസ്റ്റുകൾ നടത്തുകയും ചെയ്യാൻ ഇതുപ്രകാരം ധാരണയായി.
ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും മേഖലയിലെ ഐ.ഡി.പി വിദ്യാഭ്യാസ ഡയറക്ടർ റാഷി ഭട്ടാചാര്യയുമാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. പ്രാദേശിക പ്രതിഭകളുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും അവരുടെ പ്രഫഷനൽ, അക്കാദമിക് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കരാറെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.