ദുബായ് – ദുബായ് പോലീസിന്റെ പൊലീസിലെ കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗത്തിലെ സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി സാധാരണക്കാരായ തൊഴിലാളികളുടെ കുടുംബങ്ങളിൽ സന്തോഷംപകരുക എന്ന ലക്ഷ്യം വെച്ച് 400 പേർക്ക് ആദരവും സമ്മാനങ്ങളും ഒരുക്കി. ദുബായ് പൊലീസ് ഓഫിസേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ വിവിധ സൗജന്യ ആരോഗ്യപരിശോധന, കണ്ണ് പരിശോധന, തിരഞ്ഞെടുത്ത അഞ്ചുപേർക്ക് യാത്രാ ടിക്കറ്റുകൾ വിതരണം, റമദാൻ കിറ്റ് വിതരണം എന്നിവയും ജീവനക്കാർക്കായി ഒരുക്കിയിരുന്നു. വിവിധ സന്ദർഭങ്ങളിൽ ദുബായ് പൊലീസ് ജീവനക്കാർക്കായി ഒരുക്കിവരുന്ന പരിപാടികളുടെ തുടർച്ചയായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ സൂപ്പർവൈസർമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സന്തോഷ സന്ദർഭങ്ങളിൽ ഐക്യപ്പെടുന്നതിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയതെന്ന് ലഫ്. ഖാലിദ് സഖ്ർ അൽ ഹായ് പറഞ്ഞു. പൊലീസിലെ കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗത്തിലെ സുരക്ഷാ ബോധവത്കരണ വിഭാഗമാണ് റമദാനോടനുബന്ധിച്ച് ജീവനക്കാർക്ക് വേണ്ടി പരിപാടി ഒരുക്കിയത്.