ന്യൂഡൽഹി – ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. 2013 ലെ ലില്ലി തോമസ് കേസിൽ സുപ്രീംകോടതി ഉടനടി അംഗത്വം റദ്ദാക്കണമെന്ന് വിധിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവർത്തക ആഭാ മുരളീധകനാണ് ഹർജി നൽകിയത്.
ഹീനമായ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെതെന്നും മേൽകോടതിയിൽ അപ്പീൽ അടക്കം നൽകാൻ അവസരമുണ്ടെന്ന് ഇരിക്കെ അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടികാണിക്കുണ്ട്. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ നടപടിക്കിടെയാണ് ഹർജി കോടതിയിലെത്തിയത്. കോടതി വിധി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.