ദുബായ് – ദുബൈ ആസ്ഥാനമായ മാസ്റ്റർ വിഷൻ ഇന്റർനാഷണൽ മാധ്യമ, സിനിമാ, രാഷ്ട്രീയ സമസ്ത മേഖലയിലെ പ്രതിഭകൾക്കായുള്ള ഈവർഷത്തെ “മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആക്സലൻസ് ” പുരസ്കാര വിതരണം മേയ് ആറ്, ഏഴ് ദിവസങ്ങളിൽ ദുബായിലെയും, അബൂദബിയിലുമായി നടക്കുമെന്ന് മാനേജിങ് ഡയറക്ടർ എം.എം. റഫീഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം വരുൺ ഗാന്ധി എം.പി, കേന്ദ്രമന്ത്രി രാംദാസ് അത്താവാല, മന്ത്രി വി. അബ്ദുൽ റഹ്മാൻ, മഹാത്മാഗാന്ധിയുടെ പൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി, മുൻ കേന്ദ്രമന്ത്രി താരിഖ് അൻവർ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി എം.എം. മണി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, സാമൂഹിക പ്രവർത്തക ദയാ ഭായ്, വാവാ സുരേഷ്, മാധ്യമപ്രവർത്തകരായ ബിഞ്ചു എസ്. പണിക്കർ, മാതു സജി, ജോസി ജോസഫ്, ലിസ് മാത്യു, ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർ, ജോജു ജോർജ്, നിമിഷ സജയൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ തുടങ്ങിയവർക്കാണ് ഈവർഷത്തെ പുരസ്കാര ജേതാക്കൾ. ഒപ്പം ‘ആയിഷ’ സിനിമാ സംഘത്തെ വേദിയിൽ ആദരിക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന അവാർഡ്ദാന പരിപാടികൾക്കൊപ്പം ബിസിനസ് സമ്മേളനവും കലാപരിപാടികളുമുണ്ടായിരിക്കും. മാസ്റ്റര്‍ വിഷന്‍ എം. ഡി. എം.എ. റഫീഖ്, ദുബായ് പൊലീസ് ഫസ്റ്റ് ലഫ്. ഖാലിദ് സഖർ, പൊലീസ് പ്രതിനിധി അസ്മ മഷൂഖ് അലി, ജോസഫ് ജോൺ, മോഹന്‍ദാസ് വൈക്കം, ഫിറോസ് അബ്ദുല്ല എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.