ദുബായ് – സുൽത്താൻ അൽ നിയാദിയുടെ ‘ഞങ്ങളുടെ സംഘത്തിലെ അഞ്ചാമനെ പരിചയപ്പെടുത്തുകയാണ്’ എന്ന പ്രഖ്യാപനം എല്ലാവരെയും ആകാംഷയിലാക്കി. നാലുപേർ മാത്രമായിരുന്നു ബഹിരാകാശ ദൗത്യത്തിൽ പുറപ്പെട്ടത്. ആരാണ് ഈ അഞ്ചാമൻ എന്നായിരുന്നു എല്ലാവരുടെയും ഉത്കണ്ഠ. അൽ നിയാദിതന്നെ അക്കാര്യം വ്യക്തമാക്കി. ‘അവന്റെ പേര് സുഹൈൽ എന്നാണ്’ എന്നു പറഞ്ഞ് ആ പാവക്കുഞ്ഞിനെ പരിചയപ്പെടുത്തി.
യു.എ.ഇയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിൽ ഹസ്സ അൽ മൻസൂരിക്കൊപ്പം യാത്ര ചെയ്തിരുന്ന മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ഭാഗ്യചിഹ്നമാണ് ‘സുഹൈൽ’ എന്ന നാമകരണം ചെയ്താ ഈ കൊച്ചു പാവക്കുട്ടി. പ്രാചീനകാലം മുതൽ അറബികൾക്കിടയിൽ കവിതകളിലും കഥകളിലും എല്ലാം ഇടം പിടിച്ച ഒരു നക്ഷത്രത്തിന്റെ പേരാണ് സുഹൈൽ. മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ വേനലിന് അവസാനമായതിനെ സൂചിപ്പിച്ച് ഉദിച്ചുയരുന്ന നക്ഷത്രത്തിന്റെ പേരാണ് സുഹൈൽ. ശൈത്യകാലത്തിന്റെ തുടക്കമെന്ന നിലയിൽ പ്രതീക്ഷയുടെ സൂചകമായാണിത് വിലയിരുത്തപ്പെടാറുള്ളത്. ഗുരുത്വാകർഷണം മനസ്സിലാക്കാനുള്ള സൂചകമായി ബഹിരാകാശത്ത് ഉപയോഗിക്കാനാണ് സുൽത്താൻ അൽ നിയാദി കൈയിൽ കരുതിയത്. അതുകൊണ്ടുതന്നെ അൽ നിയാദിക്കൊപ്പം ആറുമാസം മുഴുവൻ ബഹിരാകാശത്ത് ‘സുഹൈലും’ ഉണ്ടാകും.