കുവൈത്ത് – രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമവ്യവസ്ഥകളും സ്വദേശിവത്കരണവും മൂലം കുവൈത്തില്‍നിന്ന് കഴിഞ്ഞ വർഷം 1,78,919 പേർ രാജ്യം വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പി.എ.സി.ഐ) സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2021 മധ്യത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 28,97,522 ആയിരുന്നു. 2022 മധ്യത്തിൽ ഇത് 27,18,803 ആയി ചുരുങ്ങിയതായാണ് റിപ്പോർട്ട്. 60നു മുകളിൽ പ്രായമായ യൂനിവേഴ്സിറ്റി ബിരുദം ഇല്ലാത്തവരിൽ ഭൂരിപക്ഷവും കുവൈത്തിൽനിന്ന് മടങ്ങിയതായും കണക്കുകൾ കാണിക്കുന്നു. മാത്രമല്ല രാജ്യത്ത് നിലവിൽ യൂനിവേഴ്സിറ്റി ബിരുദധാരികൾ (2021 മധ്യത്തിൽ) 1,55,665 ആയിരുന്നത് (2022 പകുതിയോടെ) 1,46,942 ആയി കുറഞ്ഞു. ബിരുദാനന്തര ബിരുദധാരികളുടെ എണ്ണം 2021ന്റെ മധ്യത്തിൽ 7213 ആയിരുന്നത് 2022ന്റെ മധ്യത്തിൽ 6,912ൽ എത്തി.
എന്നാൽ പുതിയ നിയമവ്യവസ്ഥഅനുസരിചച്ച് 60നു മുകളിൽ പ്രായമായ യൂനിവേഴ്സിറ്റി ബിരുദം ഇല്ലാത്തവർക്ക് താമസരേഖ പുതുക്കുന്നതിന് 800 ദീനാർ ഫീസ് ചുമത്താൻ സർക്കാർ തീരുമാനം എടുത്തിരുന്നു. ഭാരിച്ച തുക അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇവരില്‍ പലരും നാട്ടിലേക്ക് തിരിച്ചത്. ഇതോടെ, 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണം 2021 പകുതിയോടെ 1,22,536 ആയിരുന്നത് 2022 പകുതിയോടെ 1,04,645 ആയി ചുരുങ്ങി. അതേസമയം, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാത്രമല്ല 3,72,800 കുവൈത്തികളും 1,10,400 പ്രവാസികളുമാണ് പൊതുമേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, സ്വകാര്യ മേഖലയിലെ 75 ശതമാനം ജോലിക്കാരും പ്രവാസികളാണ്. അതിനിടെ, സ്വകാര്യ മേഖലയിൽ സ്വദേശികൾക്കുള്ള സംവരണ തോത് വർധിപ്പിക്കുന്നതിനുള്ള നിർദേശം സിവിൽ സർവിസ് കമീഷൻ പരിഗണിക്കുന്നതായി സൂചനകളുണ്ട്.
കുവൈത്തിലെ സര്‍ക്കാര്‍-സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മാൻപവർ അതോറിറ്റി പ്രത്യേക നടപടികൾ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ മേഖലയുമായി ബന്ധപ്പെട്ട കരാർ ജോലികളിൽ ഉൾപ്പെടെ സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. നേരത്തേ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും സ്വദേശികൾക്ക് തൊഴിൽ സംവരണത്തിന് നിശ്ചിത തോത് നിർണയിച്ചിരുന്നു.