ദുബായ് – ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ലണ്ടനില്‍ നടക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാർഡിന്റെ ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. ഹെല്‍ത്ത് കെയര്‍, നഴ്സിങ് രംഗങ്ങളിലെ ആറു പ്രമുഖരെയാണ് ജൂറിയായി നിശ്ചയിച്ചിരിക്കുന്നത്. സ്വിറ്റ്സര്‍ലൻഡ് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ്, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഹോവാര്‍ഡ് കാറ്റണ്, ബൊട്സ്വാനയിലെ മുന്‍ ആരോഗ്യമന്ത്രിയും പാര്‍ലമെന്റംഗവും ഗ്ലോബല്‍ എച്ച്.ഐ.വി പ്രിവെന്‍ഷന്‍ കോഅലീഷന് കോ-ചെയര്‍പേഴ്സനുമായ ഷൈയ്ലട്ലോ, ഡബ്ല്യു.എച്ച്.ഒ കൊളാബറേറ്റിങ് സെന്റര്‍ ഫോര്‍ നഴ്സിങ് പ്രഫസര്‍ ജെയിംസ് ബുക്കാന്, ഗ്ലോബല്‍ ഫണ്ട് ബോര്‍ഡിന്റെ സ്ട്രാറ്റജി കമ്മിറ്റി വൈസ് ചെയര്‍മാനും ജി.എഫ് ബോര്‍ഡ് ഡെവലപ്പിങ് കണ്ട്രി എൻ.ജി.ഒ ഡെലിഗേഷൻ ബോര്‍ഡ് അംഗവുമായ ഡോ. ജെ. കരോലിന് ഗോമസ്, ഒ.ബി.ഇ അവാര്‍ഡ് ജേതാവും സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സൽട്ടന്റും റോയല്‍ കോളജ് ഓഫ് നഴ്സിങ് മുന്‍ സി.ഇ.ഒയുമായ ഡോ. പീറ്റര്‍ കാര്‍ട്ടര്‍, എ.എക്സ്.എ (ഇ.സി) മുതിര്‍ന്ന ഡിജിറ്റല്‍ ഉപദേഷ്ടാവും ഹർബർ ബോര്‍ഡ് ഓഫ് ചെയറും ഹെല്‍ത്ത് ഫോര്‍ ഓള് ഉപദേശക മാനേജിങ് ഡയറക്ടറും ഡോ. നിതി പാല് എന്നിവരാണ് ഗ്രാൻഡ് ജൂറി അംഗങ്ങള്‍.
ലോകമെമ്പാടുമുള്ള നഴ്സുമാരില്‍നിന്ന് ഈ ഉദ്യമത്തിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. അവാര്‍ഡിന്റെ രണ്ടാം പതിപ്പിനായി 202ലധികം രാജ്യങ്ങളില്‍നിന്നായി 52,000ലധികം രജിസ്ട്രേഷനുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ജേതാവിനെ തീരുമാനിക്കുന്നത് ജൂറിക്ക് ശ്രമകരമായ ദൗത്യമാവും. മികച്ച 10 ഫൈനലിസ്റ്റുകളെ ഉടന്‍ പ്രഖ്യാപിക്കും. 2,50,000 യു.എസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് ജേതാവിനെ മേയ് 12ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങിലായിരിക്കും പ്രഖ്യാപിക്കുകയെന്നും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.