ദുബായ് – അറബ് ലോകത്തെ നാഴിക കല്ലായ ആദ്യ ദീർഘകാല ബഹിരാകാശദൗത്യത്തിന് തയാറെടുക്കുന്ന യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി ടെക്സസിലെ ഹൂസ്റ്റണിൽ സ്ഥിതിചെയ്യുന്ന ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിൽ തന്റെ അവസാന പ്രീ-മിഷൻ പരിശീലനം പൂർത്തിയാക്കി യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശകേന്ദ്രത്തിലെത്തി. നാസയുടെ തന്നെ പ്രത്യേകം സജ്ജമാക്കിയ വിമാനത്തിൽ സഹയാത്രികർക്കൊപ്പമാണ് അൽ നിയാദി കെന്നഡി ബഹിരാകാശകേന്ദ്രത്തിലെത്തിച്ചേർന്നത്. തിങ്കളാഴ്ച രാവിലെ യു.എ.ഇ സമയം 10.45നാണ് സംഘം ആറുമാസത്തെ ദൗത്യത്തിന് പുറപ്പെടുക. നേരത്തേ ഞായറാഴ്ച പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക ക്രമീകരണങ്ങൾ കൊണ്ടാണ് യാത്ര ഒരു ദിവസം നേരത്തെ നിശ്ചയിച്ചത്.
“തന്റെ ഈ ദൗത്യം വലിയൊരു പദവിയാണ് സമ്മാനിച്ചിട്ടുള്ളതെന്നും യാഥാർഥ്യമാണോ എന്ന് അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് താൻ ഇപ്പോഴെന്നും, ശാരീരികമായും മാനസികമായും സാങ്കേതികമായും തയാറെടുപ്പുകളെല്ലാം പൂർത്തിയായെന്നും ബഹിരാകാശത്തേക്കു കുതിക്കാനായി കാത്തിരിക്കുകയാണെന്നും” നിയാദി കെന്നഡി ബഹിരാകാശ നിലയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
യു.എ.ഇയുടെ ആദ്യ ബഹിരാകാശദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു യാത്രികരിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി. ഒപ്പമുണ്ടായിരുന്ന ഹസ്സ അൽ മൻസൂരിക്കാണ് 2019ൽ ആദ്യമായി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്താൻ അവസരം ലഭിച്ചത്. എന്നാൽ സ്പേസ് എക്സിന്റെ ഫാൽക്കനിൽ 9 റോക്കറ്റിൽ അൽ നിയാദി അടക്കം നാലു ബഹിരാകാശയാത്രികരാണ് ഇത്തവണ ബഹിരാകാശത്തേക്കു കുതിക്കുക. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യക്കാരനായ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുൽത്താന് ഒപ്പമുണ്ടാവുക. കമാൻഡർ സ്റ്റീഫൻ ബോവൻ മാത്രമാണ് ഇവരിൽ നേരത്തേ ബഹിരാകാശയാത്ര നടത്തിയിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണപരീക്ഷണങ്ങൾ സംഘം നടത്തും. യു.എ.ഇയിലെ നിരവധി സർവകലാശാലകൾ നിയോഗിച്ചിട്ടുള്ള 19 ശാസ്ത്രപരീക്ഷണങ്ങൾ അൽ നിയാദി ദൗത്യകാലത്തിനിടയിൽ പൂർത്തിയാക്കും. അഞ്ചു വർഷത്തിലേറെ നീണ്ട പരിശീലനം പൂർത്തിയാക്കിയാണ് സുൽത്താൻ സ്പേസ് സ്റ്റേഷനിൽ ആറുമാസത്തോളം നീളുന്ന മിഷന് പുറപ്പെടുന്നത്.