ദുബായ് – നിലവിലെ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി താങ്ങുകയോ, വിസ പുതുക്കാതിരിക്കുകയോ, മറ്റു വിസയിലേക്ക് മാറാതിരിക്കുകയോ ചെയ്യുന്ന സന്ദർശക വിസക്കാർക്കെതിരെ ‘അബ്സ്കോണ്ടിങ്’ കേസ് നൽകാനാണ് ട്രാവൽ ഏജൻസികൾ ഒരുങ്ങുന്നത്. സന്ദർശക വിസയിലെത്തുന്നവർ നിയമവിരുദ്ധമായി ഇവിടെ തുടരുന്നത് വിസ നൽകിയ ട്രാവൽ ഏജൻസികളെയും പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. വിസ കാലാവധിയും ഗ്രേസ് പിരീഡും കഴിഞ്ഞാൽ രാജ്യം വിടുകയോ മറ്റ് വിസയിലേക്ക് മാറുകയോ ചെയ്യണമെന്നാണ് നിലവിലെ എല്ലാ എമിറേറ്റുകളിലെയും നിയമം അനുശ്വസിക്കുന്നത്. എന്നാൽ, ചിലരെങ്കിലും ഇത്തരം നടപടികൾ പാലിക്കാറില്ല. ഇതോടെ, ഓവർ സ്റ്റേ എന്ന പേരിൽ പിഴ അടക്കുകയും മറ്റു വിസ നടപടിക്രമങ്ങൾ തടസ്സമാകുകയും ചെയ്യും ട്രാവൽ ഏജൻസികൾക്ക്. ഇതുവഴി, ട്രാവൽ ഏജൻസികൾക്കും പിഴ ലഭിക്കും. ഇതിന് പുറമെ, വിസ ആപ്ലിക്കേഷൻ പോർട്ടലുകൾ ബ്ലോക്ക് ചെയ്യുകയും പുതിയ വിസക്ക് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും. ഇത്തരം നടപടികൾ ഒഴിവാക്കാനാണ് കേസ് നൽകുന്നത്. ഇത് സംബന്ധിച്ച് സന്ദർശകരെ അറിയിക്കുന്നതിനായി ട്രാവൽ ഏജൻസികൾ പ്രചാരണം തുടങ്ങി. ഒന്നുകിൽ രാജ്യം വിടുക, അല്ലെങ്കിൽ വിസ നീട്ടുക എന്നതാണ് ഇവരുടെ സന്ദേശം.
നിലവിൽ ഒരു ദിവസം 50 ദിർഹം എന്ന കണക്കിലാണ് പിഴ അടക്കേണ്ടത്. എന്നാൽ പുതിയ നിയമവ്യവസ്ഥ പ്രാബല്യത്തിൽ വന്നാൽ അഞ്ച് ദിവസം കഴിഞ്ഞാൽ ഇവരെ ‘ബ്ലാക്ക് ലിസ്റ്റിൽ’ ഉൾപ്പെടുത്തുകയും ചെയ്യും. പിഴ അടക്കേണ്ടത് വ്യക്തികളാണെങ്കിലും ട്രാവൽ ഏജന്റുമാരുടെ സ്പോൺസർഷിപ്പിൽ സന്ദർശക വിസക്കാർ എത്തുന്നതുകൊണ്ടു തന്നെ ഇത്തരം സാങ്കേതിക പ്രശ്നങ്ങളിൽ ട്രാവൽ ഏജൻസിളും, സ്പോൺസറും ഉത്തരവാദിയാവുമായിരുന്നു.
സാധാരണ രീതിയിൽ തൊഴിലുടമ അല്ലെങ്കിൽ ജോലിചെയ്യുന്ന സ്ഥാപനം തങ്ങളുടെ ഭാഗം കുറ്റമറ്റതാക്കാൻ നൽകുന്ന കേസാണ് അബ്സ്കോണ്ടിങ്. ഒരു നിശ്ചിതദിവസം കഴിഞ്ഞും ജോലിക്ക് ഹാജരായില്ലെങ്കിൽ ജീവനക്കാരനെതിരെ തൊഴിലുടമ നൽകുന്ന പരാതിയാണ് (ഉറൂബ്) അബ്സ്കോണ്ടിങ് കേസ്.
എന്നാൽ ഇവിടെ തൊഴിലുടമക്ക് പകരം ട്രാവൽ ഏജൻസികളാണ് ഇപ്പോൾ ഇത്തരം പരാതി നൽകുന്നത്. സന്ദർശകൻ ചെയ്യുന്ന കുറ്റങ്ങൾക്ക് ഭാഗിക ഉത്തരവാദിത്തം വിസ സ്പോൺസർ ചെയ്യുന്നയാൾക്കുമുണ്ട്. അതിനാൽ, ഇയാളെ കാണാനില്ല എന്ന രീതിയിലാണ് ട്രാവൽ ഏജൻസികൾ ഇനിമുതൽ കേസ് ഫയൽ ചെയ്യുക.