ഷാർജ – ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ഷാർജ ലേബർ സ്പോർട്സ് ടൂർണമെന്റിന്റെ ആറാം പതിപ്പിന് 2023 ജനുവരി 7 മുതൽ മാർച്ച് 18 വരെ ഷാർജ വേദിയാകും. വ്യത്യസ്ത മത്സരങ്ങളിൽ 140 ടീമുകളിലായി ഏകദേശം 1,500 അത്ലറ്റുകൾ പങ്കെടുക്കും. ഷാർജയിലെ തൊഴിലാളികൾക്ക് പ്രോത്സാഹനമേകാനും അവരുടെ ആരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിന്നത്.
ഷാർജ വിമാനത്താവളത്തിന് എതിർവശത്തുള്ള ഷാർജ നാഷനൽ പാർക്കിലെ മൈതാനങ്ങളിൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ ഏഴുമുതൽ വൈകീട്ട് 5.30 വരെയാണ് മത്സരങ്ങൾ അരങ്ങേറുക. വ്യത്യസ്ത അഞ്ച് കായികയിനങ്ങളിലായി 140 ലേബർ ടീമുകൾ ഏറ്റുമുട്ടും. ഫുട്ബാളിൽ 40 ടീമും, ക്രിക്കറ്റ് 35 ടീമും, ബാസ്കറ്റ് ബാൾ 25 ടീമും, വോളിബാൾ 20 ടീമും, ഹോക്കി 20 ടീമുകളും മത്സരിക്കും. വിവിധങ്ങളായ ഗ്രൂപ്പായി തിരിഞ്ഞായിരിക്കും മത്സരം നടക്കുക. വിജയികൾക്ക് 200,000 ദിർഹമിന്റെ കാഷ് പ്രൈസുകളും സമ്മാനങ്ങളും നൽകും.
ഷാർജയിൽ നടന്ന വാർത്തസമ്മേളനത്തിൽ എൽ.എസ്.ഡി.എ ചെയർമാൻ സാലിം യൂസഫ് അൽ ഖസീർ, ഷാർജ സ്പോർട്സ് കൗൺസിലിലെ കായിക വിദഗ്ധൻ സയീദ് അൽ അജിൽ തുടങ്ങിയവർ പങ്കെടുത്തു.