ദുബായ് – ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് മൊബിലിറ്റി ഹബ്ബാകുക എന്ന ദുബായിയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന്റെ ഭാഗമായി ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണ ഓട്ടത്തിനായുള്ള കരാറിൽ ദുബൈ സൗത്തും ഇവോകാർഗോയും ഒപ്പുവെച്ചു. ഡ്രൈവറില്ലാ വാഹനങ്ങളിൽ വിപ്ലവകരമായ മാറ്റത്തോടുകൂടി ഭാവിയിൽ ഇത്തരം ഡ്രൈവറില്ലാ ട്രക്കുകളും ദുബായിയുടെ നിരത്തിലൂടെ പായുന്നത് നമ്മുക്ക് കാണാനാകും. ഈ ശ്രേണിയിലെ ആദ്യ വാഹനത്തിന്റെ പരീക്ഷണം ദുബൈയിൽ തുടങ്ങി കഴിഞ്ഞു. റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖലയാണ് ദുബൈ സൗത്ത്.
ലോകത്തിലെ തന്നെ ശക്തരായ സ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്ന ലോജിസ്റ്റിക് സ്ഥാപനമാണ് ഇവോ കാർഗോ. അടുത്തവർഷം ഫെബ്രുവരി വരെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന് രണ്ടു ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. പുതിയ ട്രക്കിന് 40 മിനിറ്റ് മുതൽ ആറു മണിക്കൂർ വരെ ചാർജ് ചെയ്താൽ ഒരു ദിവസം ഉപയോഗിക്കാനുള്ള വൈദ്യുതി ചാർജ് ലഭിക്കും. ദുബൈ സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്ടിന്റെ കൺട്രോൾ സെന്ററായിരിക്കും പരീക്ഷണയോട്ട കാലയളവിൽ വാഹനം നിയന്ത്രിക്കുക. വാഹനത്തിന്റെ ക്ഷമത പരീക്ഷിക്കുക, തകരാറുകളും കുറ്റങ്ങളും കണ്ടെത്തുക തുടങ്ങിയവയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. നഗരത്തിൽ കാർബൺ ബഹിർഗമനം കുറക്കുക, പരിസ്ഥിതി സംരക്ഷണ നയത്തിന് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങൾ കൂടി മുൻനിർത്തിയാണ് ദുബായ് ഇത്തരം ഡ്രൈവറില്ലാ വാഹനങ്ങൾ രംഗത്തിറക്കുന്നത്.
എന്നാൽ നിലവിൽ ദുബൈ മെട്രോ, ട്രാം, ബസ്, ടാക്സി, ജലഗതാഗതം, കേബിൾ കാർ എന്നിവയിലെല്ലാം ഈ സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇത് പൂർത്തിയാകുന്നതോടെ ഗതാഗത ചെലവ് 44 ശതമാനം കുറയും. ഇതുവഴി 900 ദശലക്ഷം ദിർഹമിന്റെ ചെലവ് കുറയും. ഒപ്പം എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്വയം നിയന്ത്രിത വാഹനങ്ങൾ ഏർപ്പെടുത്താനാണ് ദുബായ് ഗവണ്മെന്റിന്റെ പുതിയ തീരുമാനം.