ദുബായ് – നിമിഷനേരം കൊണ്ട് തന്നെ പുതിയ കാലത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന സാങ്കേതിക വിദ്യ പ്രിന്റഡ് ഇന്റലിജന്‍സിന്റേതാണെന്നും, ഈ മേഖലയില്‍ പുതിയ തന്ത്രപ്രധാന മാറ്റം ഇത് കൊണ്ടുവരുമെന്നും, പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികതയാണെന്നും സാങ്കേതിക വിദഗ്ധന്‍ ഡോ. ഉമര്‍ സലീം. ദുബൈ ഷന്‍ഗ്രിലാ ഹോട്ടലില്‍ നടന്നു വരുന്ന ഫിനാന്‍ഷ്യല്‍-ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റിനിടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മിറ്റ് പാര്‍ട്ണറായ ഐ4 ടെക്‌നോയുടെ ഫൗണ്ടിംഗ് പ്രിന്‍സിപ്പല്‍ കൂടിയാണ് ഡോ. ഉമര്‍ സലീം. ഉദാഹരണത്തിന്, ഇലക്ട്രോണിക് ബോര്‍ഡുകള്‍ ചുരുട്ടാനും മടക്കാനുമാകുന്ന പേപ്പര്‍ രീതിയിലേക്ക് മാറ്റാന്‍ ഈ സാങ്കേതിക വിദ്യക്ക് കഴിയും. നിലവിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് പകരം ചുമരില്‍ തെളിയുന്ന ബോര്‍ഡുകള്‍ ഈ സാങ്കേതിക വിദ്യയുടെ ഫലമായി നടപ്പാക്കാനാകും. ഭാവിയിലെ ടിവി സ്‌ക്രീനുകളും മുറിയിലെ ലൈറ്റുകളുമെല്ലാം ഏതെല്ലാം രീതിയില്‍ മാറുമെന്നത് ഐഫോര്‍ ടെക്‌നോളജീസ് വിശദീകരിക്കുന്നു. ഐഫോണും സാംസംങ് അടക്കമുള്ള ആന്‍ഡ്രോയിഡ് കമ്പനികളും ബിഎംഡബ്‌ള്യു, ബെന്‍സ് തുടങ്ങിയ ഏതാനും കമ്പനികളും മാത്രം ആര്‍ജിച്ച സാങ്കേതിക വിദ്യയാണ് ഐ4 ടെക്‌നോ അവതരിപ്പിക്കുന്നതെന്നും അതിന് പകരക്കാരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഏറെ നിക്ഷേപ സാധ്യതയുളള മേഖലയായതു കൊണ്ടു തന്നെ സമീപ ഭാവിയില്‍ ഈ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പുതിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ സംരംഭകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിന്‍ലന്റാണ് ഐഫോര്‍ ടെക്‌നോയുടെ ആസ്ഥാനം. ഐഫോര്‍ ടെക്‌നോ നിര്‍മിച്ച മൊബൈല്‍ ചാര്‍ജിംഗിന് സോളാര്‍ പവര്‍ ഉപയോഗിക്കാനാകുന്ന പേപ്പര്‍ ചാര്‍ജിംഗ് ഫ്‌ളിപ്, മൊബൈല്‍ ഫോണുകള്‍ തുറക്കുമ്പോള്‍ തെളിയുന്ന ലൈറ്റിംഗ്, പ്രകാശിക്കുന്ന ബിസിനസ് കാര്‍ഡ് അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കാണാനും അതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയാനും സമ്മിറ്റില്‍ അവസരമൊരുക്കിയിട്ടുണ്ട്.
അമേരിക്കയില്‍ നിന്നുള്ള ഐ4 ടെക്‌നോ ബോര്‍ഡ് മെംബര്‍ ഡോ. മാര്‍ക് ജെ.ഹോള്‍റ്റര്‍മാനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.