ദുബായ് – പൊതുഗതാഗത സംവിധാനങ്ങൾ വഴിയുള്ള മലിനീകരണം കുറച്ച് കൊണ്ട് 2050ൽ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാൻ പദ്ധതിയുമായി ദുബായ് ഒരുങ്ങുന്നു. വരും കാലത്തെ നല്ല ഭാവിക്കുവേണ്ടി നടപ്പാക്കുന്നവ്യത്യസ്ത പദ്ധതികളുടെ ഭാഗമായാണ് സുസ്ഥിരതയുടെ മേഖലയിൽ ഇത്തരം ഒരു മാതൃക എമിറേറ്റ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തി ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനും ഹരിതഗൃഹ വാതക പുറന്തള്ളൽ കുറക്കുന്നതിനുമുള്ള സംയോജിത പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇലക്ട്രോണിക്, ഹൈഡ്രജൻ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിച്ച് പരിസ്ഥിതിക്ക് അനുകൂലമായ സംവിധാനത്തിലേക്ക് പൂർണമായി മാറുന്ന പദ്ധതിക്ക് നേതൃത്വം നൽകുക. ഇനിമുതൽ ആർ.ടി.എയുടെ ബസുകൾ, സ്കൂൾ വാഹനങ്ങൾ, ടാക്സികൾ, ലിമോസിൻസ് എല്ലാം പദ്ധതിയിലൂടെ ഇലക്ട്രോണിക്, ഹൈഡ്രജൻ സംവിധാനത്തിലാകും. ഇതോടുകൂടി മേഖലയിൽ സീറോ എമിഷൻ പൊതുഗതാഗത സംവിധാനം ഏകദേശം 80 ലക്ഷം ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നത് തടയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 13.2 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. 300 കോടി ദിർഹമിന്‍റെ സാമ്പത്തിക ലാഭം ഇതുണ്ടാക്കുമെന്നും കണക്കാക്കപ്പെടുന്നു.
എക്‌സ്‌പോ സിറ്റി ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയുടെ (കോപ -28) പ്രാരംഭ നടപടി കൂടിയാലോചനക്കായി ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.