ഷാര്‍ജ – സിനിമയില്‍ ചിത്രങ്ങള്‍ക്കൊപ്പം ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നതായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഈ യാഥാര്‍ത്ഥ്യം സിനിമാ ലോകം അംഗീകരിച്ചിരിക്കുന്നു. ശബ്ദം ആഖ്യാനമാണെന്ന തിരിച്ചറിവില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി നല്‍കിയ പുരസ്‌കാരം തന്റെ ടീമിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.
നമ്മള്‍ വായിക്കുമ്പോള്‍ അതിലെ വരികളാണ് ഇമേജുകളായി മാറുന്നത്. സിനിമയില്‍ ചിത്രങ്ങളും ഒപ്പം ശബ്ദവും ഇമേജുകളായി മാറുന്നു. സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഘടകങ്ങളെ തിരിച്ചറിയാന്‍ അതേക്കുറിച്ചുള്ള അവബോധം ആവശ്യമാണ്. ഒരു പക്ഷെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ അത്തരമൊരു അറിവ് നേടിയാണ് സിനിമ കാണുന്നത്. അതുകൊണ്ടാണ് സന്തോഷ് ശിവന്റെയും മറ്റു ടെക്‌നീഷ്യന്മാരുടെയും പേരുകള്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിക്കുന്നത്. ഹിന്ദിയെ അപേക്ഷിച്ച് മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതും പ്രാദേശിക ഭാഷകളിലാണ്-റസൂല്‍ പൂക്കുട്ടി പറഞ്ഞു.
അമിതാബച്ചന്റെ അഞ്ച് പതിറ്റാണ്ടിലെ സിനിമാ ജീവിതത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ മികച്ച ഡയലോഗുകള്‍ കോര്‍ത്തിണക്കി റസൂല്‍ പൂക്കുട്ടി തയ്യാറാക്കിയ കോഫി ടേബിള്‍ ബുക്ക്് പ്രകാശനം ചെയ്തു. ‘സൗണ്ടിംഗ് ഓഫ് അമിതാബ് ബച്ചന്‍’ എന്ന പുസ്തകത്തില്‍ അമിതാബിന്റെ അമ്പത് സിനിമകളില്‍ നിന്നുള്ള ഡയലോഗുകളും അപൂര്‍വ്വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം റസൂല്‍ പൂക്കുട്ടിയുടെ ശബ്ദകലാ ജീവിതത്തെ ആസ്പദമാക്കി ബൈജു നടരാജന്‍ എഴുതിയ ‘ശബ്ദതാരാപഥം’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
അമിതാബ് ബച്ചന്റെ മികച്ച അമ്പത് ശബ്ദങ്ങളുടെ ശേഖരമാണ് ചിത്രീകരണ രൂപത്തില്‍ ഈ പുസ്‌കത്തിലുള്ളത്. മികച്ച്കാ രിക്കേച്ചറുകളിലാണ് അമിതാബ് ബച്ചനെ അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദതാരാപഥത്തിന്റെ രണ്ടാം പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്‌സാണ്.