ദുബായ് – ‘വൺ പ്രിപേ’ കമ്പനിയുമായി സഹകരിച്ച് ദുബായിൽ കൂടുതൽ ചെറുകിട ഔട്ട്ലെറ്റുകളിലേക്കും, മറ്റു സേവനത്തിനും ആയി ‘നോൾ കാർഡ്’ സ്വീകരിക്കുന്നതിന്നുള്ള നടപടിയുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). വരുന്ന വർഷങ്ങളിൽ 8000 മൈക്രോപേ ഔട്ട്ലെറ്റുകളിൽ ഇതിലൂടെ കാർഡ് സ്വീകരിക്കുന്ന സൗകര്യമൊരുക്കാനാണ് ആർ.ടി.എ ഉദ്ദേശിക്കുന്നത്.
നിലയിൽ വാണിജ്യസ്ഥാപനങ്ങൾക്കു പുറമെ ഇത്തിഹാദ് മ്യൂസിയം, ദുബൈ മുനിസിപ്പാലിറ്റിക്കു കീഴിലെ പൊതു പാർക്കുകൾ എന്നിവയിൽ പ്രവേശിക്കാനും നോൾ കാർഡ് സ്വീകരിക്കുന്നുണ്ട്. ദുബായിൽ നിലവിൽ നോൾ കാർഡ് സ്വീകരിക്കുന്ന ഔട്ട്ലെറ്റുകളുടെ എണ്ണം 14,000 ആണ്. ജനങ്ങളുടെ സന്തോഷം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്നും, വൺപ്രിപേയുമായി ധാരണയായതോടെ ഇത് 2025ഓടെ 22,000 ഔട്ട്ലെറ്റുകളായി വർധിക്കുമെന്നും ആർ.ടി.എ ഓട്ടോമേറ്റഡ് കലക്ഷൻ സിസ്റ്റംസ് ഡയറക്ടർ അമാനി അൽ മുഹൈരി പറഞ്ഞു.
യു.എ.ഇയിലെ പ്രമുഖ നിർമാണ കമ്പനിയായ നഖീലിന്റെ ഉടമസ്ഥതയിലുള്ള പാം മോണോ റെയിൽ യാത്രക്കും ഇനി ‘നോൾ’ കാർഡുകൾ ഉപയോഗിക്കാമെന്ന് ആർ.ടി.എ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ തടസ്സമില്ലാതെ പൊതുജനങ്ങൾക്കു സാധ്യമാക്കാൻ വേണ്ടി രൂപപ്പെടുത്തിയതാണ് നോൾ കാർഡ്. അതുകൊണ്ടു തന്നെ ‘നോൾ’ കാർഡ് പൊതു, സ്വകാര്യ മേഖലയിലെ എല്ലാ സേവനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതിന് അധികൃതർക്ക് പദ്ധതിയുണ്ട്. ‘നോൾ’ കാർഡ് നിലവിൽ ആർ.ടിഎക്കു കീഴിലെ മെട്രോ, ബസ്, ട്രാം, സമുദ്ര ഗതാഗത സംവിധാനങ്ങൾക്ക് ഉപയോഗിച്ചു വരുന്നുണ്ട്.