ഷാർജ – ഷാർജ പുസ്തകോത്സവങ്ങളിൽ പലപ്പോഴും അതിഥിയായി എത്തിയിരുന്ന വിദ്യാഭ്യാസ വിചക്ഷണനും സംരംഭകനുമായ, അന്തരിച്ച ഡോ. പി എ ഇബ്രാഹിം ഹാജിയുടെ സ്മരണ ജ്വലിച്ചു നിന്ന സായാഹ്‌നമായിരുന്നു ശനിയാഴ്ച പുസ്തകമേളയുടെ റൈറ്റേഴ്‌സ് ഫോറത്തിൽ .
ഒലീവ് പ്രസിദ്ധീകരിച്ച മാൻ ഓഫ് മെനി വേൾഡ്‌സ് ദി പാത്ത് ഓഫ് ഇബ്രാഹിം ഹാജി ട്രാവേഴ്സ്ഡ് എന്ന പുസ്തകം പ്രൗഢ സദസിനു മുന്നിൽ പ്രകാശനം ചെയ്യപ്പെട്ടു. സയിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ഡോ . എം കെ മുനീർ അധ്യക്ഷം വഹിച്ചു. അൽ ശമാലി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹുസൈൻ ശമാലി ഏറ്റു വാങ്ങി. ഷംലാൽ അഹ്‌മദ്, യു ടി ഖാദർ കർണാടക എം എൽ എ, പി എ അബൂബക്കർ, ഡോ. പുത്തൂർ റഹ്‌മാൻ, അഡ്വ. വൈ എ റഹീം, ഹാശിം വരിക്കോടൻ, ഇബ്രാഹിം ഹാജിയുടെ മക്കളായ ലത്തീഫ്, ഷാഫി,അബ്ദുല്ല, അമീൻ,സൽമാൻ , സുബൈർ ബിലാൽ, ആദിൽ തുടങ്ങിയവർ സന്നിഹിതരായി.
ഇബ്രാഹിം ഹാജിയുടെ വിയോഗം ഗൾഫ് മേഖലക്കും കേരളത്തിനും വലിയ നഷ്ടമായിരുന്നെന്നു സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സാംസ്കാരിക മേഖലയെ പലപ്പോഴും കൈപിടിച്ച് നടത്തിയിട്ടുണ്ട് അദ്ദേഹം. മറക്കാനാകാത്ത നിരവധി സദ്കർമങ്ങൾ ചെയ്താണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. തിങ്ങി നിറഞ്ഞ സദസിലാണ് പുസ്തകപ്രകാശനം നടന്നത്. പരിപാടിയിൽ അൻവർ നഹ നന്ദിയും പറഞ്ഞു.