ദുബായ് – പ്രവാസലോകത്തെ ബാഡ്മിന്റൺ താരങ്ങളെ വളർത്തിയെടുക്കുന്ന യു.എ.ഇയിലെ പ്രമുഖ ക്ലബായ എയറോ പ്ലൈൻ യു.ബി.എൽ (യുനൈറ്റഡ് ബാഡ്മിന്റൺ ലജന്റ്) സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഗോൾഡ് ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് യു.എ.ഇ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ നടത്തുന്ന മൂന്നാം സീസൺ നവംബർ 6, 13, 20 തീയതികളിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 12ന് ഖിസൈസ് പ്രൈം സ്റ്റാർ അക്കാദമിയിൽ കുട്ടികളുടെ കാറ്റഗറി മത്സരങ്ങളും നടക്കും. ഒപ്പം പ്രഫഷനൽ കാറ്റഗറിയിൽ ദേര ഫോർച്യൂണ സ്പോർട്സ് അക്കാദമിയിലാണ് മത്സരം. രാവിലെ ഒമ്പതു മുതൽ രാത്രി പത്തു വരെയായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് 50,000 ദിർഹം വരെ കാഷ് അവാർഡും ട്രോഫികളും മറ്റു സമ്മാനങ്ങളും നൽകും. വിവിധ രാജ്യങ്ങളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന എലൈറ്റ് കാറ്റഗറി മത്സരങ്ങളും അരങ്ങേറും.
കഴിഞ്ഞ രണ്ടു സീസണിലും മികച്ച പങ്കാളിത്തമാണുണ്ടായിരുന്നത്. മത്സരം മാത്രമല്ല, ചെറിയ കുട്ടികൾ മുതലുള്ളവർക്ക് പരിശീലനം നൽകി മികച്ച താരങ്ങളായി വളർത്തിക്കൊണ്ടുവരലും കൂട്ടായ്മയുടെ ലക്ഷ്യമാണ്. ദുബൈ ഫിറ്റ്നസ് ചലഞ്ചിനുള്ള പിന്തുണകൂടിയാണ് ടൂർണമെന്റെന്നും സംഘാടകർ കൂട്ടിച്ചേർത്തു. ദുബൈ പാരഗൺ റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ ടീം ജഴ്സിയും ഒഫീഷ്യൽ ജഴ്സിയും ട്രോഫികളും മെഡലുകളും പ്രകാശനം ചെയ്തു.
വിവിധ കാറ്റഗറികളിലായി റൗണ്ട് റോബിൻ മാതൃകയിലായിരിക്കും യു.ബി.എൽ ഓപണിലെ മത്സരങ്ങൾ. സിംഗ്ൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് ഇനങ്ങളിൽ മത്സരമുണ്ടാവും. 150ഓളം അംഗങ്ങളുള്ള കൂട്ടായ്മയാണ് എയറോ പ്ലൈൻ സ്പോർട്സ് അക്കാദമി. ബാഡ്മിന്റൺ പ്രേമികളായ കുറച്ച് പേർ ചേർന്ന് തുടങ്ങിയ കൂട്ടായ്മ കൂടുതൽ പേരിലേക്ക് വ്യാപിക്കുകയായിരുന്നു.
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അബൂ ഹാരിസ്, സമീർ മുഹമ്മദ്, സജ്ജാദ്, അസ്കർ, ഷിഹാബുദ്ദീൻ, അബ്ദുൽ വഹാബ്, അംഗങ്ങളായ ഫിറോസ് ഖാൻ, ഷബീർ തട്ടത്താഴത്ത്, അനുരാഗ് വിശ്വനാഥൻ, ജിഷ്ണു, ഹാരിസ് സുൽത്താൻ, വിനീത്, ശരത് കൃഷ്ണ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.