ഷാർജ – 41മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്ന് ഷാർജ എക്സ്പോ സെന്ററിൽ തിരിതെളിഞ്ഞു. ‘വാക്ക് പ്രചരിപ്പിക്കുക’ എന്ന പ്രമേയമാണ് ഇത്തവണ പുസ്തകോത്സവം പ്രമേയമാക്കിയിട്ടുള്ളത്. 12 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരെത്തും. നവംബർ 13 വരെ നടക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടനവധി പ്രമുഖവ്യക്തിതങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിന്നും ഒട്ടനവധി പ്രഗത്ഭ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ എടുത്തുപറയേണ്ടതാണ്. എല്ലാ വർഷത്തെ പോലെ ഇത്തവണ ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം.
പത്ത് രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. മേളയിൽ നടക്കുന്ന 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. ആകെ 15 ലക്ഷം പുസ്തങ്ങളാണ് ഇവിടെയെത്തുന്നത്. 1298 അറബ് പ്രസാധകർക്ക് പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്, 339 പേർ. അറബ് ലോകത്തിന്റെ പുറത്തുനിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്, 112 പേർ. യു.കെയിൽ നിന്ന് 61 പ്രസാധകരും എത്തും.
പ്രശസ്തരായ അറബ് എഴുത്തുകാർക്കും, കവികൾക്കും,നിരൂപകരക്കും പുറമെ, 2022ലെ ബുക്കർ പ്രൈസ് ജേതാവും ഇന്ത്യൻ എഴുത്തുകാരിയുമായ ഗീതാഞ്ജലി ശ്രീ(ഗീതാഞ്ജലി പാണ്ഡേ), പ്രശസ്ത എഴുത്തുകാരായ ദീപക് ചോപ്ര, ലിങ്കൺ പിയേഴ്സ്, രൂപി കൗർ, പികോ അയ്യർ, മേഘൻ ഹെസ് തുടങ്ങിയവരും ഇത്തവണ പ്രധാന അതിഥികളായെത്തും. പുസ്തകോത്സവത്തിലേക്ക് മലയാളത്തിൽനിന്ന് സാമൂഹിക, സാസ്കാരിക രംഗത്തെ പ്രമുഖരെത്തും. സുനിൽ പി. ഇളയിടം മുതൽ നടൻ ജയസൂര്യ വരെയുള്ള നീണ്ട നിരയാണ് പുസ്തകോത്സവത്തിന് എത്തുന്നത്. നവംബർ 10നാണ് ജയസൂര്യയും ഒപ്പം സംവിധായകൻ പ്രജേഷ് വേദിയിലെത്തുക.
സാഹിത്യ രംഗത്തുനിന്ന് നവംബർ അഞ്ചിന് ജി.ആർ. ഇന്ദുഗോപൻ, ആറിന് സുനിൽ പി. ഇളയിടം, 12ന് ജോസഫ് അന്നംകുട്ടി ജോസ്, 13ന് സി.വി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. രാഷ്ട്രീയ രംഗത്തുനിന്ന് അബ്ദുസ്സമദ് സമദാനി എം.പി, ടി.എൻ. പ്രതാപൻ എം.പി, എം.കെ. മുനീർ എം.എൽ.എ, കോൺഗ്രസ് നേതാവ് എം.എം. ഹസൻ തുടങ്ങിയവരും എത്തിച്ചേരും.
ഉഷ ഉതുപ്പ് തന്റെ ആത്മകഥയുമായി നവംബർ 12ന് ആരാധകരുമായി സംവദിക്കാനെത്തും. രുചിക്കൂട്ടുകളുടെ രസമുകളുങ്ങളുമായി നവംബർ നാലിന് ഷെഫ് വിക്കി രത്നാനി, അഞ്ചിന് ഷെഫ് അർച്ചന ദോഷി, 11ന് ഷെഫ് അനഹിത ധോണ്ടി എന്നിവരും പുസ്തകമേളയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നുണ്ട് ഇത്തവണ.