ദുബായ് – നിക്ഷേപകർക്കും ബിസിനസുകാർക്കും മുന്നിൽ സ്റ്റാർട്ടപ്പുകളെ എത്തിക്കാനും, നവീന ആശയങ്ങൾ പങ്കുവെക്കാനും വേദിയൊരുക്കി സംഘടിപ്പിച്ച ‘എലവേറ്റ്’പിച്ചിങ് സീരീസിന്റെ നാലാം സെഷനിൽ 10 പുതിയ ആശയം ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത് ടെക്, പ്രോപ് ടെക്, ഫിൻ ടെക് തുടങ്ങിയ മേഖലകളിലെ വിവിധ സംരംഭങ്ങളാണ് ഇത്തവണ പരിചയപ്പെടുത്തിയത്.
ഇന്ത്യയും യു.എ.ഇയും തമ്മിലെ വാണിജ്യബന്ധം പൂർവാധികം ശക്തിപ്പെട്ടിരിക്കയാണെന്നും, ഐ.ടി, ഇലക്ട്രോണിക് മേഖലയിൽ ഇന്ത്യൻ കമ്പനികളുടെ സാനിദ്ധ്യം ഏറ്റവും സുപ്രധാന പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത് എന്നും ചടങ്ങിൽ സംസാരിച്ച കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു.
വിവിധ മേഖലകളിലെ നിക്ഷേപകർക്കും ബിസിനസുകാർക്കും ഫണ്ട് ചെയ്യാൻ അനുയോജ്യമായ സംരംഭങ്ങളെ കണ്ടെത്താൻ ‘എലവേറ്റ്’പരിപാടിയിലൂടെ സാധ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ജൈടെക്സിൽ ഇന്ത്യൻ സംരംഭങ്ങളുടെ പ്രദർശനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും, ആഗോള വിപണിയിലേക്ക് വാതിൽ തുറന്നിടുകയാണ് യു.എ.ഇയെന്നും കോൺസൽ ജനറൽ ഡോ. അമൻ പുരി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്നുള്ള കോറൽ ഇന്നവേഷൻസ്, എക്സ്പൾജർ, മായാ എം.ഡി, ക്ലൈർകോ, ലിവോ ടെക്നോളജീസ്, ആൽടർ സോഫ്റ്റ്, ഓക്കിപോക്കി തുടങ്ങിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ് പരിപാടിയിൽ പ്രദർശനം നടത്തിയത്.