അബുദാബി – ഒക്ടോബര്‍ 17 മുതല്‍ 23 വരെ ഏഴ് ദിവസം അബൂദാബിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് മിഡ് ടേം അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 24ന് സ്കൂളുകള്‍ തുറക്കും. പഠനനിലവാരം വിലയിരുത്താന്‍ അവധിക്കാലം വിനിയോഗിക്കണമെന്ന് അധികൃതര്‍ വിദ്യാര്‍ഥികളോട് നിർദേശിച്ചു. ഓരോ കുട്ടികളുടെയും പഠനനിലവാരം വിലയിരുത്തിയ ശേഷം പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കണമെന്ന് അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം അവധി ദിനങ്ങളിലും കുട്ടികള്‍ക്ക് ഉചിതമായ ഉറക്കസമയം ക്രമീകരിക്കണമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി.
കുട്ടികളുടെ ബൗദ്ധിക, ശാരീരിക വികാസം മികച്ച ഉറക്കത്തിലൂടെയും വ്യായാമത്തിലൂടെയും പോഷകസമ്പുഷ്ടമായ ആഹാരത്തിലൂടെയുമാണ് സാധ്യമാവുക.അവധിക്കാലങ്ങളില്‍ മിക്ക കുടുംബങ്ങളും ദിനചര്യകളിലും ഉറക്കസമയങ്ങളിലുമെല്ലാം മാറ്റം വരാറുണ്ട്. കുറഞ്ഞ ദിവസത്തെ അവധിക്കാലത്ത് ഇത് കുട്ടികളെ ബാധിക്കും. അതുകൊണ്ടു തന്നെ പ്രത്യേകം ശ്രദ്ധ വേണമെന്നും അധികൃതർ ഓർമപ്പെടുത്തി. ആകെ ഒമ്പത് ദിവസം ആണ് സ്വകാര്യ സ്കൂളുകള്‍ക്ക് അവധി ലഭിക്കുക.
ഹൈസ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞത് എട്ട് മണിക്കൂറും മൂന്ന് വയസ്സുള്ള കുട്ടികള്‍ക്ക് 13 മണിക്കൂറും ഉറക്കം അനിവാര്യമാണ്. കുട്ടികള്‍ നിശ്ചയിച്ച സമയത്ത് ഉറങ്ങാന്‍ കിടക്കുന്നുവെന്നും ഉറങ്ങുന്നതിന് മുമ്പ് മതിയായ ആഹാരം കഴിച്ചുവെന്നും മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. മാത്രമല്ല കുട്ടികള്‍ ആവശ്യത്തിന് വ്യായാമമോ കളികളോ ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം, ഒപ്പം കുട്ടികള്‍ക്കും ദിവസം 11 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. കൃത്യമായ ടൈംടേബിള്‍ ഇവ ക്രമീകരിക്കണമെന്നും അധികൃതർ രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ഈ വര്‍ഷം ഇതുവരെ ആറ് അവധിക്കാലങ്ങളാണ് കുട്ടികള്‍ക്ക് ലഭിച്ചതെന്നും, അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവധികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തി. ഓരോ അവധി കഴിയുമ്പോഴും കുട്ടികളുടെ ദൈനംദിന ജീവിതചര്യയില്‍ മാറ്റമുണ്ടാവുന്നത് ക്ലാസ് തുടങ്ങുന്ന ആദ്യദിനങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും രക്ഷിതാക്കൾ ആശങ്കപ്പെട്ടു.