ദുബായ് – ദുബായിലെ തിരിച്ചറിയൽ രേഖയായ ‘എമിറേറ്റ്സ് ഐ.ഡി’ ദുബായ് താമസക്കാർക്ക് തങ്ങളുടെ വീട്ടിലിരുന്നു പുതുക്കാനോ, മറ്റോ ആവശ്യങ്ങൾക്കായി ഇനിമുതൽ ഓഫിസുകൾ കയറിയിറങ്ങേണ്ട. വീട്ടിലിരുന്നുതന്നെ എമിറേറ്റ്സ് ഐ.ഡിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ടെക്നോളജി മേളയായ ജൈടെക്സിൽ അവതരിപ്പിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ് (ഐ.സി.പി) ആണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. വൈകാതെ ഇത് പ്രാബല്യത്തിലാക്കാനുമാണ് ശ്രമിക്കുന്നത്.
ഡിജിറ്റൽ ആപ്ലിക്കേഷൻ നമ്പറോ, പാസ്പോർട്ട് പേജിന്‍റെ ഫോട്ടോയോ ഉപയോഗിച്ചായിരിക്കും നടപടിക്രമങ്ങൾ പ്രഥമ നടപടിക്രമം. ശേഷം, മൊബൈൽ കാമറ വഴി വിരലടയാളവും കൈപ്പത്തിയും മുഖവും സ്കാൻ ചെയ്യണം. സെക്കൻഡുകൾക്കുള്ളിൽ ഡിജിറ്റൽ എമിറേറ്റ്സ് ഐ.ഡി തയാറാകുമെന്നാണ് അധികൃതർ പറയുന്നത്. തയ്യാറായ കാർഡിന്റെ ഹാർഡ് കോപ്പി കൊറിയർ സർവിസ് വഴി എമിറേറ്റ്സ് ഐ.ഡി മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തും. എന്നാൽ ഈവർഷം 2022 ആഗസ്റ്റിലാണ് പുതിയ എമിറേറ്റ്സ് ഐ.ഡി പുറത്തിറക്കിയത്, ഇതിന് പിന്നാലെയാണ് ഇത്തരം നടപടിക്രമങ്ങളും ഡിജിറ്റലാക്കുന്നത്.
വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ മുന്നോടിയായി ഫേസ് ഐ.ഡി ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം കഴിഞ്ഞ ദിവസം ജൈടെക്സിൽ ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചിരിക്കുന്നു. ഈ സംവിധാനപ്രകാരം വീട്ടിലിരുന്നുതന്നെ വിസ, എൻട്രി പെർമിറ്റ് നടപടികൾ പൂർത്തിയാക്കാൻ കഴിയും. പാസ്പോർട്ടോ എമിറേറ്റ്സ് ഐ.ഡിയോ തിരിച്ചറിയൽ രേഖയായി സമർപ്പിക്കേണ്ടതില്ല എന്നതാണ് ഈ സാങ്കേതിക വിദ്യ നൽകുന്ന സൗകര്യം.