ദോഹ – 22 മത് ലോകകപ്പ് വേദിയാകുന്ന ഖത്തറിന്റെ സംഘാടനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സന്ദർശിച്ച് പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (ഡി.ഇ.സി.സി), ദോഹ എക്സിബിഷൻ സെൻറർ(ഡി.ഇ.സി), ഖത്തർ നാഷനൽ കൺവെൻഷൻ സെൻറർ (ക്യു.എൻ.സി.സി) എന്നീ കേന്ദ്രങ്ങളാണ് ഇൻഫാൻറിനോ സന്ദർശിച്ചത്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും ഇത്തവണ ഖത്തർ ആതിഥ്യം വഹിക്കുകയെന്ന് താൻ പ്രതീക്ഷിക്കുന്നതായി സന്ദർശന ശേഷം ഇൻഫാൻറിനോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന് കണ്ടതിൽനിന്ന് ഒരു കാര്യം സംശയമില്ലാതെ പറയാം, എട്ട് സുന്ദരമായ വേദികളിൽ ഖത്തർ നൽകിയതെന്തോ അതുതന്നെയാണ് സ്റ്റേഡിയങ്ങൾക്ക് പുറത്തും ഖത്തർ സജ്ജമാക്കിയിരിക്കുന്നത് ഒപ്പം ഇതെല്ലാം നേടിയെടുക്കുന്നതിന് ഒപ്പം പിച്ചിന് പുറത്തുള്ള പലകാര്യങ്ങളിലും ലോകോത്തരനിലവാരം പുലർത്താൻ ഖത്തറിന് കഴിയണം, കഴിയും എന്നാണ് വിശ്വസിക്കുന്നതെന്നും ഇൻഫാൻറിനോ കൂട്ടിചേർത്തു.
ഒരു ജനതയുടെ സ്വപനസാക്ഷാത്കരണത്തിന്നായി ഒപ്പം നിന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും, ഖത്തർ ജനതക്കും അവർ കഴിഞ്ഞ കാലങ്ങളിൽ ലോകകപ്പിനായി നൽകിയ പ്രാധാന്യത്തിനും കാഠിനാഅദ്വാനത്തിന്നും നന്ദി അറിയിക്കുന്നതായും ഇൻഫാൻറിനോ വ്യക്തമാക്കി.
പ്രധാന ഓപറേഷൻ കേന്ദ്രം, ഐ.ടി കമാൻഡ് സെൻറർ, പ്രധാന വളന്റിയർ കേന്ദ്രം, ടൂർണമെൻറ് ഓഫീസ്, അക്രഡിറ്റേഷൻ കേന്ദ്രം എന്നിവയെല്ലാം കത്താറക്ക് സമീപത്തുള്ള ഡി.ഇ.സിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ വെസ്റ്റ് ബേയിലുള്ള ഡി.ഇ.സി.സിയിൽ ടൂർണമെൻറ് കാലയളവിലേക്കുള്ള പ്രധാന ടിക്കറ്റിങ് കേന്ദ്രവും ഹയ്യ കേന്ദ്രവുമാണ് പ്രവർത്തിക്കുക. അൽ റയ്യാനിലെ ക്യൂ.എൻ.സി.സിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മീഡിയകളുടെ ആസ്ഥാനവും, അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റിങ് കേന്ദ്രവും പ്രധാന മീഡിയാ കേന്ദ്രവും അണ് സജീകരിച്ചിരിക്കുന്നത്.