Gulf UAE

ദുബായിലെ ‘അത്ഭുത ഉദ്യാനം’ അടുത്തയാഴ്ച തുറക്കും.

Written by themediatoc

ദുബായ് – വിവിധതരം പൂക്കൾകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായി മാറിയ ദുബായിലെ മിറാക്കിൾ ഗാർഡൻ 11മത് പതിപ്പ് തിങ്കളാഴ്ച തുറക്കും. 72,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 15 കോടിയിലേറെ പൂക്കൾകൊണ്ട് വൈവിധ്യമാർന്ന ഒട്ടേറെ നിർമിതികളാണ് സന്ദർശകർക്കായി ഓരോവർഷവും ഒരുക്കാറുള്ളത്. കടുത്തവേനൽ കണക്കിലെടുത്ത് കഴിഞ്ഞ ജൂണിലായിരുന്നു മിറാക്കിൾ ഗാർഡൻ അടച്ചത്.

എന്നാൽ ദുബായിലെ ശൈത്യകാലത്തിന് തുടക്കമായതോടെ വീണ്ടും സന്ദർശകരെ സ്വാഗതംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മിറാക്കിൾ ഗാർഡൻന്റെ അധികൃതരും അണിയറപ്രവർത്തകരും. ഈവർഷം മുതിർന്നവർക്ക് 75 ദിർഹമാണ് പ്രവേശനനിരക്ക്. മൂന്നുമുതൽ 12 വയസ്സുള്ളവർക്ക് 60 ദിർഹവും, മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യവുമാണ്. പ്രവേശന ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

ലോകത്തിലെ തന്നെ ലഭ്യമായ വ്യത്യസ്ത പൂക്കൾകൊണ്ട് അലങ്കരിച്ച ഫ്ളോട്ടിങ് ലേഡിയും, ആംഫി തിയേറ്ററിലെ കൊട്ടാരവും, 400 മീറ്റർ നീളമുള്ള ട്രക്കുമെല്ലാം മേളയുടെ കഴിഞ്ഞവർഷത്തെ പ്രധാന ആകർഷണങ്ങളായിരുന്നു. ഇതോടൊപ്പം പൂക്കളിൽതീർത്ത എമിറേറ്റ്‌സ് എ-380 വിമാനവും, കാർട്ടൂൺ കഥാപാത്രങ്ങളും, മൃഗങ്ങളുമെല്ലാം കുട്ടികളിലും മുതിർന്നവരിലും ഒരു സമയം അത്ഭുതവും,കൗതുകവും ഉണർത്തുന്ന രീതിയിലാണ് നിർമിച്ചു പരിപാലിച്ചു പോന്നിരുന്നത്.

ഓരോ പതിപ്പിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുള്ള മിറാക്കിൾ ഗാർഡൻന്റെ അധികൃതരും അണിയറപ്രവർത്തകരും. ഇത്തവണത്തെ പുതുമയെന്താണെന്നു ഇതുവരെ പുറത്തു വിട്ടിട്ടില്ല. എങ്കിലും ദുബായിലെ ജനങ്ങൾക്കായി ‘ആവേശകരമായ അനുഭവങ്ങൾ വരുന്നു’ എന്നാണ് അധികൃതർ അറിയിച്ചത്. കോവിഡാനന്തര വിശേഷാൽ പതിപ്പിനെ നെഞ്ചേറ്റാൻ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ദുബായിലെ സ്വദേശികളും വിദേശികളും.

About the author

themediatoc

Leave a Comment