ദുബായ് – ഒക്ടോബറിൽ 8ന് ദുബൈയിൽ നടക്കുന്ന ബി.കെ.കെ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് തൃശൂർ കരൂപ്പടന്ന സ്വദേശിയായ ഷുഹൈബ് ദുബായിലെത്തിയത്. ചാമ്പ്യൻഷിപ്പിന്‍റെ ആവേശപ്പോരാട്ടം ശനിയാഴ്ച ദുബായ് ഊദ്മേത്തയിലെ അൽ നസ്ർ ക്ലബിലെ റാശിദ് ബിൻ ഹംദാൻ ഹാളിൽ നടക്കും. മലയാളി താരം മുഹമ്മദ് ഷുഹൈബും പാകിസ്താൻ താരം ഷക്കീൽ അബ്ദുല്ലയും നേർക്ക് നേർ ഇടിക്കൂട്ടിൽ ഏറ്റുമുട്ടുന്നതാണ് ഇന്ത്യ-പാക് പോരാട്ടമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.
ചെറു പ്രായത്തിൽ കരാട്ടെ പഠിച്ചിരുന്ന ഷുഹൈബിന്റെ പിതാവ് നജീബ് മക്കളെയും കുഞ്ഞുനാളിൽ തന്നെ അക്കാദമിയിൽ ചേർത്തു. എന്നാൽ, ഷുഐബ് മാത്രമാണ് ഇത് പ്രൊഫഷനായി സ്വീകരിച്ചത്. സാധാരണ ബോക്സിങിലായിരുന്നു ഷുഹൈബ് തുടക്കമെങ്കിലും പിന്നീട് കിക് ബോക്സിങ്ങിലേക്ക് മാറുകയായിരുന്നു. സാധാരണ ബോക്സിങിനെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണ് കിക് ബോക്സിങ്.
60 അമേച്വർ ഫൈറ്റിങ്ങിൽ 58 എണ്ണത്തിലും എതിരാളികളെ ഇടിക്കൂട്ടിൽ തറപറ്റിച്ചവനാണ് മുഹമ്മദ് ഷുഐബ്. ഒപ്പം 6 ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 2019ൽ ഇന്‍റർനാഷനൽ മത്സരത്തിൽ വെള്ളിമെഡൽ നേടും ചെയ്തു. പ്രോഫൈറ്റിൽ 14 എണ്ണം വിജയിച്ചു. കിക് ബോക്സിങിലെ മൊയ്തായി അസോസിയേഷൻ നാട്ടിൽ ശക്തമാണ്. അതിനാൽ മൊയ്തായിയാണ് ഷുഐബും പ്രൊഫഷനലായി സ്വീകരിച്ചിരിക്കുന്നത്. ദുബൈയിൽ ഷുഐബ് കച്ച മുറുക്കുന്നത് ദുബായ് സിലിക്കൺ ഒയാസീസിലെ ഈജിപ്ഷ്യൻ കോച്ച് അഹ്മദിന് ശിക്ഷണത്തിലാണ്.
ലോക ചാംപ്യന്മാരായ സ്പെയിനിന്‍റെ റൂബൻ ലീയും തുർക്കിയുടെ സെർദാർ ഇറോഗ്ലുവും തമ്മിലാണ് (90 കിലോഗ്രാം വിഭാഗത്തിൽ ) ഏറ്റുമുട്ടുക. പത്ത് മത്സരങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 20 ഓളം പ്രഫഷണൽ ഫൈറ്റർമാരാണ് അൽ നസ്ർ ക്ലബിലെ റാശിദ് ബിൻ ഹംദാൻ ഹാളിൽ കൊമ്പുകോർക്കുന്നത്.
റൊമാനിയ, ഉസ്ബെകിസ്താൻ, സ്പെയിൻ, തുർക്കി, റഷ്യ, ചിലി, മൊറോക്കോ, പലസ്തീൻ, തായ്ലൻഡ്, റഷ്യ, ബെൽജിയം, സിറിയ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷ താരങ്ങളാണ് ഒമ്പത് മത്സരങ്ങളിലും ഏറ്റുമുട്ടുന്നത് എന്നാൽ പുരുഷനൊപ്പമല്ല സ്ത്രീ പുരുഷനേക്കാള്‍ ഒരുപിടി മുന്നില്‍ തന്നെയാണ്… എന്ന് കാഹളം മുഴക്കി പൊരുതി നേടാൻ തുർക്കിയുടെ ഫുണ്ട അൽകായിസും ചിലിയുടെ ഫ്രാൻസിസ്ക ബെലൻ ലിസമയുമാണ് ഇടിക്കൂട്ടിലെത്തുക.
മലയാളികളായ അബ്ദു റഹ്മാൻ കല്ലായിൽ ചെയർമാനും, മിഥുൻ ജിത് സി.ഇ.ഒയുമായ ബി.കെ.കെ സ്പോർട്സാണ് സംഘാടകർ. 190 രാജ്യങ്ങളിലായി 64 മീഡിയകളിലൂടെ മത്സരം തത്സമയം മത്സരം വീക്ഷിക്കാനാകും എന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.