കുവൈത്ത് – 17-മാത് ദേശീയ അസംബ്ലിയായ ‘മജ്ലിസുൽ ഉമ്മ’ യിലേക്കുള്ള വോട്ടെടുപ്പിൽ ഒരിക്കൽ കൂടി രാജ്യത്തെ ജനങ്ങൾ വിധിയെഴുതി.
118 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയത്. വോട്ടെടുപ്പ് ആരംഭിച്ച എട്ടുമണി മുതൽ ബൂത്തുകളിൽ ജനസാന്നിധ്യം ഉണ്ടായി. ഉച്ചവരെ കനത്തപോളിങ്ങാണ് പലയിടത്തും രേഖപ്പെടുത്തിയത്. ഉച്ചയോടെ അൽപം കുറഞ്ഞ പോളിങ് ശതമാനം വൈകീട്ടോടെ വീണ്ടും ഉയർന്നു. പുതുക്കിയ വോട്ടർപട്ടിക പ്രകാരം 795,911 വോട്ടർമാരാണ് രാജ്യത്തുള്ളത്.
ദേശീയ അസംബ്ലിയിലെ 50 സീറ്റുകളിലേക്കായി 27 വനിതകൾ അടക്കം 305 സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്തിറങ്ങിയത്. അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം 50 പേരാണ് ദേശീയ അസംബ്ലിയിലെത്തുക. അഭിപ്രായ ഭിന്നതകൾ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ മാസം ആദ്യത്തിൽ അമീർ പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. ഇതിനെ തുടർന്നാണ് മറ്റൊരു തെരഞ്ഞെടുപ്പിനുകൂടി രാജ്യം സാക്ഷിയായത്.
അഞ്ചാം മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തിറങ്ങിയത്; 82 പേർ. നാലാം മണ്ഡലത്തിൽ 80 സ്ഥാനാർഥികളുണ്ടായിരുന്നു. ഒന്നും രണ്ടും മണ്ഡലങ്ങളിൽ 48 വീതം സ്ഥാനാർഥികൾ മത്സരിച്ചു. മൂന്നാം മണ്ഡലത്തിൽ 47 പേർ രംഗത്തിറങ്ങി. രാവിലെ എട്ടു മുതൽ ആരംഭിച്ച വോട്ടെടുപ്പിൽ വൈകീട്ട് എട്ടുവരെ ജനങ്ങൾ വോട്ട് രേഖപ്പെടുത്താനെത്തി. എട്ടോടെ വോട്ടെടുപ്പ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് അധികൃതർ ബാലറ്റ് തരംതിരിച്ച് എണ്ണൽ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാകും പൂർണ ഫലം പുറത്തുവരുക. ജനങ്ങൾ സമാധാനപരമായും സ്വതന്ത്രമായും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.