മസ്കത്ത് : യു.എസ് ഫെഡറൽ റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടിയതോടെ ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ ഒമാൻ റിയാലിന്‍റെ വിനിമയം ഒരു റിയാലിന് 210 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തി. എന്നാൽ ഒമാനിലെ പണഇടപാടു സ്ഥാപനങ്ങൾ റിയാലിന് 209.50 രൂപ എന്ന നിരക്കാണ് വ്യാഴാഴ്ച ഉപഭോക്താക്കൾക്ക് നൽകിയത്. അന്താരാഷ്ട്ര കറൻസി പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടറിൽ റിയാലിന്‍റെ വിനിമയനിരക്ക് വ്യാഴാഴ്ച രാവിലെ 210.57 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഡോളറിന് 80.74 രൂപയായിരുന്നു വ്യാഴാഴ്ചത്തെ ക്ലോസിങ് നിരക്ക്. എന്നാൽ വരും ദിവസങ്ങളിൽ വിനിമയനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക മേഖലയിലുള്ളവർ വിലയിരുത്തുന്നത്.
കഴിഞ്ഞ മേയ് അഞ്ചുമുതലാണ് രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയത്. ഈ കഴിഞ്ഞ മേയ് അഞ്ചിനാണ് റിയാലിന്‍റെ വിനിമയനിരക്ക് 197.20 രൂപയായിലെത്തിയത്. പിന്നീട് വിനിമയ നിരക്ക് ഉയരാൻ തുടങ്ങുകയും 200 രൂപയിലെത്തുകയുമായിരുന്നു. പലിശനിരക്ക് 0.75 ശതമാനം കൂടി ഉയർത്തുന്നുവെന്നാണ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചത്. ഇതോടെ 14 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയർന്ന പലിശനിരക്കായിമാറുകയും ചെയ്തു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ചെലവ് കടുത്ത സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് ഈ നീക്കം.
അതേസമയം, വിനിമയനിരക്ക് ഉയർന്നതോടെ ഒമാനിലെ പണമിടപാട് സ്ഥാപനങ്ങളിൽ വ്യാഴാഴ്ച സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാനുള്ള മികച്ച അവസരമായാണ് ഇതിനെ കാണുന്നത്. ഗവൺമെന്‍റ് മേഖലയിൽനിന്നുള്ള ശമ്പളം കഴിഞ്ഞ ദിവസം നൽകിയിരുന്നു, സ്വകാര്യസ്ഥാപനങ്ങളും വരുംദിവസങ്ങളിൽ ശമ്പളം നൽകുന്നതോടെ കൂടുതൽ പേർ നാട്ടിലേക്ക് കാശ് അയക്കും എന്നാണ് സാമ്പത്തീക വിദക്തരുടെ അഭിപ്രായം.